തലക്കെട്ടുകള്‍

Wednesday, February 06, 2008

മണ്ണില്‍ നിന്നും...
ധൂമം‌പടര്‍ന്നു കരിവീണൊരാറടിമണ്ണിന്‍കീഴി-
ലുയിരാര്‍ന്നമോഹമായ്പ്പടരുന്നു നീ സഖീ!!

കത്തിവറ്റിയെന്‍ കരള്‍ ചാരമാകുവാ-‍
നല്പനേരം വിധിച്ചിതിന്നെന്നിലെ
ശിഷ്ടബോധം കെടും മുമ്പുനിന്നോര്‍‍മ്മ
പിച്ചവക്കും മനം നൊന്തുപാടുന്നുഞാന്‍!!

എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!!

പണ്ടുകാലം നിറച്ചാര്‍ത്തില്‍മുക്കിയോ-
രെന്റെ യൌവ്വനതൃഷ്ണകള്‍ക്കരണിയായ്
ചാരുരൂപമായെന്നും നിറഞ്ഞൊരെ-
ന്നോമനേനിന്നെയോര്‍ത്തുവേവുന്നിതാ!!

ഇല്ല,പാഴ്വാഗ്മാരിപെയ്യുന്നനേരങ്ങ-
ളില്ലകാമം കറുത്തുകനക്കും കടീതടം!
ഇല്ല സ്വപ്നങ്ങളിലില്ലാതെ നീ;യെന്റെ
സര്‍ഗസായാഹ്നശക്തിയാം പ്രേയസീ!!

എന്നെപ്പിരിഞ്ഞൊരാ‍ വേദനക്കന്നുനീ
പൊള്ളിക്കരിച്ചനിന്‍ മെയ്യില്‍നിന്നൊട്ടു
പ്രേമം ദഹിക്കാതെനിന്നതാണെന്റെ
‍‍മണ്‍ചിരാതില്‍‍ നിറഞ്ഞദീപം പ്രിയേ!!

ഇന്നുഞാനും ദഹിച്ചടങ്ങുമ്പൊഴെന്‍,
നെഞ്ചിലൊട്ടും കെടാതെകത്തുന്നൊരാ
സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!

സ്നേഹദീപം തിരിച്ചെടുത്തെന്നെയും..
മണ്ണില്‍നിന്നും മടക്കിവാങ്ങീടുക!!!