തലക്കെട്ടുകള്‍

Saturday, July 24, 2010

ഓര്‍മ്മകള്‍ 
നലുപൂക്കുന്ന കാവുകള്‍ തോറുമെന്‍‌
കൈപിടിച്ചു നടന്നതോര്‍ക്കുന്നുവോ?
ഇരുളുവീണു കനത്തോരിടവഴി
ക്കരുകുപറ്റി നടന്നതോര്‍ക്കുന്നുവോ?
വിരലുനീളെപ്പറന്നു പായുമ്പൊഴാ
കരളുപൊട്ടിക്കരഞ്ഞതോര്‍ക്കുന്നുവോ?
തണ്ടുവാടിത്തളര്‍ന്നൊരു താമര
മൊട്ടുപോലന്നുലഞ്ഞതോര്‍ക്കുന്നുവോ?
നനവിലൊട്ടിത്തളര്‍ന്നുവീഴുമ്പൊഴും
മഴവരാനായ് കൊതിച്ചതോര്‍ക്കുന്നുവോ?

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

Friday, June 18, 2010

ഒരുവരിയില്‍ ...
രയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

ഒരുവരിമാത്രമെഴുതി,
നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം
വരകളെക്കീറിയെറി-
ഞ്ഞതിന്‍ ബാക്കിയി-
ലിന്നെന്റെയെരിയുന്ന
പ്രാണനുണ്ടിത്തിരി.

വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

നീയായിരുന്നതിന്‍ പകുതി,
മറുപകുതിയൊട്ടെന്നെ
നീറ്റുംകിനാക്കളും
മുളയറ്റജീവിതക്കാഴ്ചകള്‍
കത്തുന്നൊരിത്തിരിവെട്ടവും
വേഡം ജ്വലിച്ചുനീറ്റും
ജഡത്തിന്റെ ഗന്ധവും.

Monday, March 01, 2010

വൃദ്ധിതി
രക്കിനിടയില്‍
‍കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍‌ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!

പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!

പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.

വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.

വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും,
കൂട്ടിക്കൊടുത്തുകൊടുത്ത്
‍ഞെട്ടറ്റുപിരിഞ്ഞ്,
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!

മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
‍ചില അടയാളങ്ങള്‍
‍ബാക്കിയുള്ളതടക്കം!

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

Wednesday, February 03, 2010

ചൊല്‍ക്കവിത-അകാരണംഅകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!

വരികള്‍ ഇവിടെ!

Get this widget | Track details | eSnips Social DNA