കടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!
മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍കൊതിച്ചതാണെന്റെ കണ്ണൂര്‍!
കളകളംപാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!
തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!
പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!
കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!
പിടക്കുന്നകാമംതളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
പെണ്ണൊരുത്തിക്കുവൈധവ്യലോകം!!
മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!
ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍കൂര്‍ത്തനാവും!!
ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!
രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!
എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!
ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]