തലക്കെട്ടുകള്‍

Monday, September 01, 2008

എത്രകാലം കഴിഞ്ഞിട്ടും..!!












സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!!

കണ്ടുഞാനാക്കൊടുങ്കാട്ടില്‍
ചുട്ടുനീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!

മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!

പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

കല്ലുകൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങുനിന്നോ കനപ്പെട്ടാ-
പിന്‍‌വിളിക്കാറ്റണയുമ്പോള്‍
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!