തലക്കെട്ടുകള്‍

Friday, January 29, 2010

അകാരണം























കുടതീര്‍ത്ത മരമേ..

നിന്റെ നിഴലിന്നു
നീളമേറുമ്പോളതിന്‍
തണല്‍ തന്ന സ്വാസ്ഥ്യ-
വുമകന്നു പോകുന്നു.

മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,
ഇരുവശം കാണാത്ത
സൈരികം മാതിരി
എന്നുള്ളിലെവിടെയോ
ചാട്ടവാറൊച്ചകള്‍ !

ചുറ്റും മദിക്കുമീ
സൂകരക്കൂട്ടങ്ങളൊഴിയും,
ഇരുളിലെന്നെങ്കിലും
തെളിയുമെന്‍
ചേറ്റുകണ്ടത്തിലും
നിലാവിന്റെ മുത്തുകള്‍ !

കുടതീര്‍ത്ത മരമേ..

വരുമന്നുഞാന്‍ തിരികെ
യതുമാത്രമാണുറ-
പ്പറിയില്ല കാലം
തടുക്കാതിരിക്കുകില്‍ !

ആവില്ല പടരാ-
നെനിക്കിനിപ്പകരുവാന്‍
വാക്കിന്റെയിത്തിരി
ശ്വാസമേ ബാക്കി!

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

എനിക്കറിയാമെന്റെ
മരമേ...
നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!

Tuesday, January 12, 2010

പ്രിയപ്പെട്ട അമ്മക്ക്...






ലുഷമേഘങ്ങള്‍
മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
കത്തും മണല്‍ക്കാടുതാണ്ടുവാനാകാതെ
തീകാഞ്ഞിരിപ്പാണുഞാനമ്മേ!

അമ്മ ചൊല്ലിപ്പകര്‍ന്നതാണെങ്കിലും
തെറ്റുപറ്റിപ്പറക്കയാണെന്നുമെന്‍
സ്വച്ഛജീവിതം, ഗണിതപാഠങ്ങളും !
ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
തെല്ലുനാണം തൊടാത്തൊരെന്‍ കൈകളില്‍
ചൂരലാലല്ലയമ്മേയെനിക്കുനിന്‍

ചൂടുപെയ്യുന്നൊരുമ്മയേകീടുമോ?!

കലുഷമേഘങ്ങള്‍ മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
തീകാഞ്ഞിരിപ്പാണുഞാനമ്മേ,പരസ്പരം
നോവിന്റെ കയ്യൊപ്പുതീണ്ടിപ്പരിക്കേറ്റ,
നിന്റെ കണ്ണീരിനാലൊക്കെ മുറിവേറ്റ,
ക്ഷണനീരസത്തിന്റെ നീലദ്രവം കൊണ്ടു
നീ തീര്‍ത്തമുത്തങ്ങളക്ഷരം ചാര്‍ത്തിയ,
നിന്റെ കത്താണു കത്തുന്ന നെഞ്ചില്‍‌!

നിന്റെ ചോദ്യങ്ങള്‍തന്‍ ബഡവാഗ്നിവീ-
ണെന്റെയോര്‍മ്മതന്‍പാഴ്മരം കത്തിയാ,
നേര്‍ത്തചാരം പടര്‍ന്നതാലാകുമോ
കണ്ണുനീരിറ്റിറ്റുവീഴുന്നു കടലാസിലമ്മേ!
ഉത്തരത്തിന്‍ മഹാസാഗരമെന്തിനാ-
ണിത്രമാത്രം മതിയാകുമറിയാമെനിക്കു നീ
പണ്ടുപുസ്തകത്താളിനാല്‍ തീര്‍ത്തൊരാ
ചെറിയ നൌകകളോട്ടിക്കളിക്കുവാന്‍!

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!


Monday, January 04, 2010

കുറ്റബോധം







ന്നിലും വലുതായ
പ്രത്യയശാസ്ത്രത്തിന്റെ
അടുപ്പുകല്ലുകളിലാണ്
എനിക്കായി അരി വെന്തിരുന്നത്.

അമ്മയുടെ നിലവിളിക്കും
ആശുപത്രികള്‍ക്കുമിടയിലെ
സമയത്തിന്റെ പാലം
മരണത്തോളം വലിച്ചുനീട്ടി
എനിക്ക് ബന്ദാണ്
ബന്ധങ്ങളെക്കാള്‍
വലുതെന്നുപറഞ്ഞു.

അപ്പന്റെ ചോദ്യങ്ങളെ,
വളരുന്ന താടിരോമങ്ങളും
മുഴങ്ങുന്ന മുദ്രാവാക്യങ്ങളും
പത്രത്തിലെ സമരപ്പന്തലിന്റെ
പരന്നപടങ്ങളും കാട്ടി ചെറുത്തു!

നേതൃയോഗത്തിനിടയില്‍
വിളിക്കാതെ കയറിച്ചെന്നപ്പോള്‍
അവരെന്റെ ശവഘോഷയാത്ര നടത്തി.

അപ്പനുമമ്മയും മുന്നേ നടന്നിരുന്നതുകൊണ്ട്
കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!