തലക്കെട്ടുകള്‍

Wednesday, September 26, 2007

മരണം വാതില്‍ക്കല്‍


ങ്ങിയകാഴ്ചയോടെ മയക്കമുണര്‍ന്ന്,
മെലിഞ്ഞവിരലുകളില്‍ നി-‍‌
ന്നൂര്‍ന്നുവീഴാന്‍ തുടങ്ങിയ പൊന്‍‌മോതിരം
ബലമറ്റ മനസ്സിനാല്‍ മുറുക്കെപ്പിടിച്ച്,


ഈറന്‍ വറ്റിയ ചുണ്ടുകളിലുറഞ്ഞ
‍വെറ്റിലച്ചോപ്പിനെ നാവാല്‍ നനച്ച്,
ചുളിഞ്ഞതോലില്‍പടര്‍ന്ന ധന്വന്തരം
കുഴമ്പിന്റെ സ്നിഗ്ദ്ധതയെത്തൊട്ടറിഞ്ഞ്,


മെഴുക്കന്‍മോണയെപ്പൊള്ളിച്ച
ഷുഗറില്ലാച്ചായതന്‍ കോപ്പയേയും,
അടുക്കളയി‘ലലയുന്ന’മരുമകളെയും
മനക്കണ്ണാല്‍ കണ്ട്‍ ശകാരിച്ച്,


പ്രായത്തിന്റെ അസ്കിതകളോടെ
പൂമുഖത്താ ചാഞ്ഞകസേരയിലമര്‍ന്ന്,
മൈലാഞ്ചിതേച്ചുചെമ്പിച്ചമുടികള്‍ക്ക്
മണം‌കൂട്ടാനിനിയെന്തെന്നുചിന്തിച്ച്,


ഗേറ്റിങ്കല്‍മുട്ടിയ പാല്‍ക്കാരിപ്പെണ്ണിന്റെ
കുലത്തെയും പിതൃത്വത്തെയും പഴിച്ച്,
ചരമക്കോളങ്ങളിലെനിറമില്ലാചിത്രങ്ങളി-
ലൂടെയനസ്യൂതമലഞ്ഞ്,ആശ്വസിച്ച്,


ഇന്നിനിയെന്തെന്നു ചിന്തിച്ചിരിക്കവേ,
ഇലയനക്കാതെ,വാതിലില്‍ മുട്ടാതൊരു
നേര്‍ത്തശീതക്കാറ്റിന്‍ വിറയലായ്‌‌ചുറ്റി,
സമയംനോക്കാതെയവന്‍ വന്നുവിളിച്ചു!


നീയാരെന്ന അജ്ഞതക്ക്
'നിന്റെ മരണ'മെന്ന മറുമൊഴി.
അറിയാതെയന്ന് ഈശ്വരനെവിളിച്ചു:
"കൃഷ്ണാ,എനിക്കും മരണമോ?!"[1991-ല്‍ എഴുതിയതിനെ ഇന്ന് ചില സുഹൃത്തുക്കളുടെ പ്രേരണയാല്‍ മാറ്റിയെഴുതി]

18 comments:

സു | Su said...

കവിത നന്നായിട്ടുണ്ടല്ലോ. പക്ഷെ മരണം “വാതില്‍ക്കലൊരുനാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍” എന്ന് ആലോചിച്ചാല്‍ ശരിയാവില്ല.

ശ്രീ said...

“നീയാരെന്ന അജ്ഞതക്ക്
'നിന്റെ മരണ'മെന്ന മറുമൊഴി.”

നന്നായിരിക്കുന്നൂ...
:)

ഹരിയണ്ണന്‍@Hariyannan said...

സു..ആദ്യകമന്റിനു നന്ദി.
പെട്ടെന്ന് ആ ചിന്ത വരുത്താനാണ് അങ്ങനെ പേരിട്ടത്.അതിപ്പോള്‍ വിനയായെന്നാണോ സു?
മരണത്തെ മറക്കാനും പാടില്ലല്ലോ...അല്ലേ?
ശ്രീ..നന്ദി.

Unknown said...

നല്ല കവിത.

"തന്തയ്ക്കു് പിറക്കാത്ത മുടിഞ്ഞോളെ, നിന്നെ കാലനെടുക്കൂടി കാളീ!" എന്നു് പാല്‍ക്കാരി പെണ്ണിനെ പഴിച്ചു് ഇനിയെന്തെന്നു് ചിന്തിക്കുന്നതിനിടയില്‍ കാലന്‍ പിടികൂടുന്ന "വലിയ കാളി"യെ ശരിക്കും കാണാന്‍ കഴിയുന്നുണ്ടു്.

എന്നെങ്കിലും ചാവാതെപ്പോ എന്താ ഒരു വഴി എന്റെ നെടുമ്പാശേരി ബീമാനങ്ങളേ!

മാണിക്യം said...

ജീവിതമെന്ന പൊന്‍ മോതിരത്തെ ബലമറ്റ് മനസ്സിനാല്‍ മുറുകെ പിടിച്ച്,ഇനിയും ഇനിയും
ഈ മനോഹര തീരത്തു നിറമില്ലാ ചിത്രങ്ങളായി പ്പോലും അലയാന്‍ തയ്യാ‍റായെങ്കിലും, ഒരു കാല്‍ പെരു മറ്റമൊ ഒരിലയനക്കമൊ പോലുമില്ലാതെ സമയം നോക്കാതെത്തുന്നാ മരണമേ! നീ നി‍ഴലായ് കൂടെ എന്ന് ഞാനറിയുന്നു .. . ഓര്‍മ്മിപ്പിച്ചതിനു നന്ദി ...

Anonymous said...

“ എണ്ണി എണ്ണി കുറയുന്നിതായുസ്സും..
മണ്ടി മണ്ടി കരേറുന്നു മോഹവും..
വന്നുവോണം കഴിഞ്ഞു വിഷുവെന്നും ...
വന്നില്ലല്ലോ തിരുവാതിരയെന്നും..
--------------------
--------------------
ഇഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തു പോകുന്നു പാവം ശിവ ശിവ..”

(മൊത്തം എഴുതി എന്തിനാ ബോറടിപ്പിക്കുന്നത്? :) )

പൂന്താനത്തിന്റെ ഈ വരികളില്‍ എല്ലാമുണ്ട്.ഇത്രയൊക്കെയോ ഉള്ളൂ നമ്മുടെ ഈ ജീവിതം!!!

ലളിതമായ വരികള്‍ കൊണ്ട്, വലിയൊരു ആശയമാണ് പറഞ്ഞത്... ശരിക്കും ഇഷ്ടമായി.

തീര്‍ച്ചയായും ഇനിയും എഴുതുമല്ലോ?

- ആശംസകളോടെ, സന്ധ്യ ! :)

മയൂര said...

വരികളും ആശയവും നന്നായിരിക്കുന്നൂ...:0

Gayu said...

വളരെ നന്നായിരിക്കുന്നു ഹരീ...നമ്മളാരാലും ക്ഷണിക്കപ്പെടാതെ എത്തി സന്ദര്‍ഭം നോക്കാതെ വാതില്‍ക്കല്‍ മുട്ടുന്ന പ്രതീക്ഷിക്കാത്ത അഥിതിയാണല്ലോ മരണം...എന്നാലും നമ്മുടെ ഊഴം ഒരിക്കലുണ്ടാവുമല്ലോ ആ അഥിതിയെ സ്വീകരിക്കാന്‍...ആരും കാത്തിരിക്കുന്നില്ലെങ്കിലും...നന്നായി അവതരിപ്പിച്ചിരിക്കുന്നു ഹരീ.

ഹരിയണ്ണന്‍@Hariyannan said...

ഡിയര്‍ മുടീസ്..
ടാങ്ക്സ്..എല്ലാവരുടെയുള്ളിലും ഇതുപോലെ ഒരു കാളിയോ കാളിയനോ ഒക്കെ ഒളിഞ്ഞിരിപ്പുണ്ടാവുമെന്നാ..
മാണിക്യം..
ഞാനിത് സ്വയം ഓര്‍മ്മപ്പെടുത്തുകകൂടിയായിരുന്നു.
സന്ധ്യേ..
“ എണ്ണി എണ്ണി കുറയുന്നിതായുസ്സും..
മണ്ടി മണ്ടി കരേറുന്നു മോഹവും..“
രണ്ടുവരികളില്‍ പൂന്താനം പറഞ്ഞതെന്തൊക്കെയാണെന്നു നോക്ക്യേ..
മയൂര..
ഈ മരുന്നിന്റെ വിത്ത് ഞാന്‍ മുളപ്പിച്ചത് ഋതുഭേദങ്ങളിലാണല്ലോ..അതിന്റെയൊരു പ്രത്യേക സലൂട്ട്!!
ഗായത്രീ..
എന്റെ വാതിലില്‍ കേള്‍ക്കുന്ന ഓരോ മുട്ടും എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ ഒരു പേടിത്തൊണ്ടനാ കൂട്ടരേ..(ഇക്കാര്യത്തില്‍)..അതുകൊണ്ടാ..

Malayali Peringode said...

ഒരുങ്ങുക
ഒടുവില്‍
നമുക്കൂഴമെത്തും
അന്നേരമൊരുങ്ങാന്‍
നേരമുണ്ടാവില്ല.

കാല്‍ചുവട്ടിലെ
കളിമണ്ണാണു നാം
‘ഖബറിലെ’* വിശപ്പില്‍
ശമനം

നിറ്യ്ക്കുക
യാത്രാഭാണ്ഡങ്ങള്‍
വഴിയോരത്ത്
തണല്‍ കൊള്ളുകയാണു നാം.

നാളെയീത്തണല്‍മരമടരും
മൂര്‍ദ്ധാവിലുദിക്കും സൂര്യന്‍!
--------------------------
*ഖബര്‍ = കുഴിമാടം

ഹരീ പേടിക്കേണ്ടാ...

“...ഓരോ ആത്മാവും മരണം ‘രുചിക്കുക’ തന്നെ ചെയ്യും” [വിശുദ്ധ ഖുര്‍‌ആന്‍]

ഒരുങ്ങിയിരിക്കുക...

ജോസ്‌മോന്‍ വാഴയില്‍ said...

ഹരിലാലേട്ടാ...,

വായിച്ചു... ഒരു കവിതക്ക് കമന്‍റാന്‍ ഞാനാളല്ലാ..!!! നല്ല എഴുത്ത്..!! എനിക്കസൂയയാണ് കവിത എഴുതുന്നവരോട്... എവിടുന്നു വരുന്നു ഈ വരികളൊക്കെ...!!?

കൊള്ളാം... നല്ല വരികള്‍..!!

Anonymous said...

നന്നായിരിക്കുന്നൂ...
നന്ദി...നലല വരികള്‍കക്

Anonymous said...
This comment has been removed by a blog administrator.
വാണി said...

‘മരണം രംഗബോധമില്ലാത്ത കോമാളി!!!’മഞ്ഞിലെ വരികള്‍ ഓര്‍മയിലെത്തി.

നല്ല കവിത ഹരീ.

ഹരിയണ്ണന്‍@Hariyannan said...

പ്രിയ വര്‍ത്തമാനക്കാരാ..
നന്ദി..
ഓടുന്നോട്ടം ഖബര്‍വരെയെന്നാ-
ലോടുന്നവരൊട്ടറികയുമില്ല!
വാഴേ,അനോണിക്കുട്ടാ
നന്ദി..
കിറുക്കേ..
നന്ദി..

Anonymous said...

ഈ കവിതയുടെ പേര് ഞാന്‍ ആദ്യം വായിച്ചില്ല.. അതില്‍ തീരെ സങ്കടമില്ല. കാരണം ഒരു സസ്പെന്‍സ് ഉണ്ടായിരുന്നു വായിച്ചപ്പോള്‍. തുടക്കം ഒരു തമാശയാ‍യി തോന്നി.. ഒടുവിലത്തെ വരികള്‍ ഗൌരവമുള്ളതും.. ‍ഒരു ജീവിതയാഥാര്‍ത്ഥ്യത്തെ ഇത്രയും ലളിതമായും മനോഹരമായും ‍അവതരിപ്പിച്ച ഹരിയണ്ണന് ചിഞ്ചു ന്റെ വക ഒരു “ഷുഗറ്”ഉള്ള മിഠായി..........

Suraj said...

ക്ഷ പിടിച്ചൂ ഇത്.

ഗ്രാഫിക് ക്രാഫ്റ്റ് !

സാരംഗി said...

നീയാരെന്ന അജ്ഞതക്ക്
'നിന്റെ മരണ'മെന്ന മറുമൊഴി.
അറിയാതെയന്ന് ഈശ്വരനെവിളിച്ചു:
"കൃഷ്ണാ,എനിക്കും മരണമോ?!"

നല്ല കവിത ഹരീ. എത്ര എഴുതിയാലും പഴക്കം വരാത്ത ഒരു പ്രമേയം.