തലക്കെട്ടുകള്‍

Tuesday, October 30, 2007

നിശാഗന്ധിവള്‍ക്ക്,
ഒരൊറ്റ രാവേ യോഗം
നിലാവുകൊള്ളുവാന്‍..!

ഒരേ നില്‍‌പുനിന്ന്;വിടര്‍ന്ന്
ചുറ്റിവിലസി മണം പരത്തി...
നിലാവിനെയും തോല്‍പ്പിച്ച്,
ഒരുമുഴം പോലുമനങ്ങാതെ
നിന്നഴകുദ്രവിച്ച്;പിണമായി,
കാലത്തിന്റെ ഉച്ഛിഷ്ടം‌പോല്‍
കരിപുരണ്ട മണ്‍ചട്ടിയിലെ
ചാ‍ണകപ്പൊടിപറ്റിയമണ്ണില്‍
‍അഴുകിക്കുഴഞ്ഞുവീഴും വരെ..
മണം‌പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ..
അവള്‍ക്കൊരു രാവുമാത്രമേ
യോഗം,നിലാവുകൊള്ളുവാന്‍..!!

വെളുക്കെച്ചിരിച്ചുംകൊണ്ടാ
നിലാവത്തുലാത്തുമ്പോള്‍
വെള്ളിവെളിച്ചം വീഴ്ത്തി
നിന്റെ ചിത്രങ്ങളെടുത്തവര്‍!
ഉന്മാദം പുരണ്ടവാക്കുകള്‍‌,
വരകള്‍,പണത്തിന്റെ വളം,
കാമത്തിന്റെ അശ്ലീലകമ്പളം,
മഷിയില്‍ മുക്കിയ സ്നേഹം...
ഒക്കെത്തന്നിങ്ങനെ നിന്നെ-
യഴുകാന്‍‌വിട്ടു പോയ നിന്റെ
ആരാധകരൊക്കെയെവിടെ?!

രാവിന്റെയന്ത്യയാമങ്ങളില്‍,
നിലാവിന്റെപൂര്‍വ്വാഗ്രത്തൊരു
ചോപ്പുകിനിയുന്നതിന്‍ മുമ്പേ..
ഉള്ളിലിത്തിരി മണവും കോരി-
യവരെങ്ങോ മറഞ്ഞുപോകുന്നു!!
*****************************

Monday, October 01, 2007

സര്‍ഗസന്ധ്യസൂര്യന്‍ ചൊടിച്ചുചുവന്നതിനാലെയോ,
നെഞ്ചിലെ തീക്കനല്‍‌കൂട്ടില്‍ നിന്നൊരുപിടി-
വാരിഞാന്‍ മാനത്തെറിഞ്ഞതിനാലെയോ,
സന്ധ്യ ചുവന്നുനിറഞ്ഞൂ മാനത്തുമെന്നുള്ളിലും!!

കത്തുന്ന നെഞ്ചകമാകടല്‍തീരത്തെ വെണ്‍-
മണല്‍കൂനയില്‍‌പൂഴ്‌ത്തി;മെല്ലെത്തലോടുമാ
തിരയിലെയുപ്പിനാ‍ലെന്‍ വ്രണക്കൂടുകഴുകിയ-
ക്കണ്ണീരു തിരപോലെ നിര്‍ത്താതൊഴുക്കിഞാന്‍!!‍

പകലിന്റെ ചെമ്പട്ടുമാറ്റിപ്പതുക്കെയാ സന്ധ്യപോ-
യിരവിന്റെ ഗീതങ്ങളുരിയാടിപ്പറന്നു ചീവീടുകള്‍!
ഉണരാതെയജ്ഞാത ജഢമായ്,പരന്ന മണലാഴി-
യിലൊരു കൊച്ചുകണമായഴുകിക്കിടന്നെന്റെ ജന്മം!!

യാമങ്ങള്‍ താണ്ടി രാവേറെത്തളര്‍ന്നുകിടക്കവേ,
ജന്മദോഷത്തിന്‍ ചലം കെട്ടി, കണ്‍‌പോളയൊട്ടി;‍
നിറാന്ധനായ് തപ്പിത്തടഞ്ഞുഞാന്‍‌വീഴവേ,നീ
നിന്റെ വാക്കാം ഗംഗാജലം നാവിലേക്കിറ്റിച്ചാലും!!

മണ്‍‌വീണത്തന്ത്രികള്‍ പൊട്ടി,യെന്നവസാന
ശബ്ദവുമാവിയായ്, ഞാനെന്റെ കണ്ണുകള്‍മൂടവേ,
സര്‍ഗസന്ധ്യേയെന്റെ കണ്ണുകള്‍ക്കുള്ളിലായ്
നിന്നെയും ചേര്‍ത്ത് ചൊല്ലുമെന്‍ യാത്രാമൊഴി!!

[എഴുതിയത് 2007 ഒക്ടോബറില്‍....ഒരു ജീവിതാനുഭവത്തിന്റെ ഓര്‍മ്മക്ക്!]