Monday, October 05, 2009

ആദരാഞ്ജലികള്‍









ജ്യോ - നിനക്ക്  ആദരാഞ്ജലികൾAlign Center

വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!

Monday, September 01, 2008

എത്രകാലം കഴിഞ്ഞിട്ടും..!!












സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്‍
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!!

കണ്ടുഞാനാക്കൊടുങ്കാട്ടില്‍
ചുട്ടുനീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!

മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!

പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

കല്ലുകൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങുനിന്നോ കനപ്പെട്ടാ-
പിന്‍‌വിളിക്കാറ്റണയുമ്പോള്‍
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!

ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!

എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!

Tuesday, August 12, 2008

ഒന്നാം പിറന്നാള്‍...!






രു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍...

ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം!

2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍ എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി!

സമീര്‍ തിക്കൊടിയായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്..!

തുടരെ പോസ്റ്റുകളിടുക ശീലമല്ലാത്തതുകൊണ്ടും സമയക്കുറവെന്ന അലസത മനസ്സിനെ മന്ദീഭവിപ്പിക്കകൊണ്ടും എഴുത്ത് വളരെക്കുറവായിരുന്നു...

നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട് എന്ന ബ്ലോഗും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ബ്രഹ്മി എന്ന ബ്ലോഗും തുടങ്ങിവച്ചു.അവിടെയും മടി കയറി മാറാലതൂങ്ങുന്നു...

എങ്കിലും ഒട്ടനവധി സുഹൃത്തുക്കള്‍... ചുരുങ്ങിയതെങ്കിലും മനസ്സുണര്‍ത്തുന്ന വായന...
എനിക്ക് അത്രയൊക്കെ മതിയായിരുന്നു!

കുറേ ബ്ലോഗ് മീറ്റുകള്‍,കരിസമരങ്ങള്‍,അക്കാദമികള്‍,ഗ്രൂപ് ബ്ലോഗുകള്‍.....
ഒന്നിലും വേര്‍തിരിവുതോന്നിയില്ല!

എങ്കിലും കടുത്ത വിവാദങ്ങളൊന്നുമില്ലാതെ ഒരുവര്‍ഷം ഈ ബൂലോകത്തില്‍ ജീവിച്ചുതീര്‍ക്കാനായതില്‍ കൃതാര്‍ത്ഥനാണ്...

എല്ലാ ബ്ലോഗേഴ്സിനും നന്ദി!!

എന്റെ കുഞ്ഞുകുടുംബത്തിനും നന്ദി!
പ്രത്യേകിച്ചും എന്റെ വാക്കുകള്‍ക്കും വരികള്‍ക്കും ബലമായി നില്‍ക്കുന്നവള്‍ക്ക്...!!

Monday, August 11, 2008

പേടി









(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്)


ഹാളിന്റെ വിശാലതയില്‍
എനിക്ക് പേടിയാവുന്നു!
ആരാണീജനവാതലുകള്‍
കൊട്ടിയടച്ചിരുട്ടാക്കിയത്?!
മൃഗങ്ങളുടേതിലുംഭീകരമായ
മുരള്‍ച്ചകളാരുടേതാവാം?!
എന്റെ ഹൃദയമല്ലാതെയിത്ര
വേഗത്തില്‍ മിടിക്കുന്നതെന്ത്?!

സമയമറിയാത്തയിരുപ്പില്‍
എനിക്ക് പേടിയാവുന്നു!!
എന്നെ അറിയുന്നവരെല്ലാം
ഇരുട്ടിനപ്പുറത്തെവിടെയാകാം?!
എന്റെയഭാവംകലക്കിയ
കണ്ണുകളേതൊക്കെയാവാം?!
ഈശ്വരനെത്തേടിപ്പോയവര്‍
എന്നെക്കണ്ടെത്തുമോ ആവോ?!

പാദ‍ങ്ങളുടെ മരവിപ്പില്‍
എനിക്ക് പേടിയാവുന്നു!
ഈ വിശാലതയിലിരുട്ടില്‍,
എന്നെത്തിരിച്ചറിയാത്ത,
തിരഞ്ഞുവരാതോര്‍ത്തുകരയാത്ത,
ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!

എനിക്ക് പേടിയാവുന്നു!!

Wednesday, May 28, 2008

വിമല്‍...ഒരു അനശ്വര നക്ഷത്രം!!




( ചിത്രത്തിനു കടപ്പാട്: വിമലിന്റെ A LOT LIKE LIFE എന്ന ബ്ലോഗ്)




Gender: Male


Astrological Sign: Sagittarius


Industry: Arts


Location: India


About Him


An absolute non-entity who is fast losing his appetite for life. In this cruel and heartless desert of manipulations, I am still searching for an oasis of hope. As it is said, you won't get the thing you cherish most.



ഇത്രയുമാണ് വിമല്‍ സ്വയം വിവരിച്ചിരിക്കുന്ന വിവരങ്ങള്‍!!



“Once upon a time, there was a kid who played a prank on his mother. He hid in a cupboard, thinking that his loved ones will unleash a search for finding him. His father may beat him up and the search party will despise him for sure. Nothing matters because, eventually his mother will appear on the scene, hold him to her bosom and console him… a grand bonus for his rebellious escapade. Sadly, no one came searching for him. Days and months passed by and for a long seven years he remained closeted inside the cupboard. There were some late voices of recall, but by that time, he had turned deaf and insensitive.”



ഇതുവായിച്ചാല്‍ ദുഗ്രാഹ്യമായ സ്വന്തം ജീവിതത്തിന്റെ ഇരുമ്പലമാരക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുട്ടിത്തമുള്ള മുഖം തെളിഞ്ഞേക്കും.


ഇത് വിമല്‍!!


ഏറെക്കാലത്തെ പരിചയമൊന്നുമില്ലാതെ,ബ്ലോഗിന്റെ അലമാരതുറക്കുമ്പോള്‍ മാത്രം കണ്ടിട്ടുള്ള വിമല്‍ എന്ന സുഹൃത്ത്!! റെഡ് ഇന്ത്യന്‍ എന്ന പേരില്‍ ബ്ലോഗുചെയ്തിരുന്ന സുഹൃത്ത്!എന്റെ ചില സുഹൃത്തുക്കളുടെ സുഹൃത്ത്...!!


അടുത്തകാലത്തൊരിക്കല്‍ വിമല്‍ എന്റെ സുഹൃത്തിനോടുപറഞ്ഞു;നാട്ടില്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് മടങ്ങണം....അമ്മയോടൊപ്പം നില്‍ക്കണം!


മേയ് 27-ആം തീയതി രാവിലെ; തന്റെ 28 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ നിന്നും....അമ്മയെ തനിച്ചാക്കി വിമല്‍ യാത്രയായി.

ഒട്ടേറെ ചിന്തകളെ ഒളിപ്പിച്ചുവച്ചിരുന്ന ആ ഹൃദയം ഏറെ ദുര്‍ബലമായിരുന്നുവത്രേ!!


ഒടുവിലത്തെ പോസ്റ്റില്‍, തകരാന്‍ തുടങ്ങുന്നുവെന്ന അറിയിപ്പുവന്ന വിമാനത്തിലിരുന്ന് മരണത്തെക്കുറിച്ചുചിന്തിക്കുന്ന വിമലിന്റെ വരികളുണ്ട്....


“Damn it. This plane is going to crash. You have lived a life without purpose and now you are going to die without a purpose.”


ഈറനണിയുന്ന കണ്ണുകളോടെ വിമലിന് വിട!!