തലക്കെട്ടുകള്‍

Tuesday, August 12, 2008

ഒന്നാം പിറന്നാള്‍...!


രു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍...

ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം!

2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍ എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി!

സമീര്‍ തിക്കൊടിയായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്..!

തുടരെ പോസ്റ്റുകളിടുക ശീലമല്ലാത്തതുകൊണ്ടും സമയക്കുറവെന്ന അലസത മനസ്സിനെ മന്ദീഭവിപ്പിക്കകൊണ്ടും എഴുത്ത് വളരെക്കുറവായിരുന്നു...

നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട് എന്ന ബ്ലോഗും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ബ്രഹ്മി എന്ന ബ്ലോഗും തുടങ്ങിവച്ചു.അവിടെയും മടി കയറി മാറാലതൂങ്ങുന്നു...

എങ്കിലും ഒട്ടനവധി സുഹൃത്തുക്കള്‍... ചുരുങ്ങിയതെങ്കിലും മനസ്സുണര്‍ത്തുന്ന വായന...
എനിക്ക് അത്രയൊക്കെ മതിയായിരുന്നു!

കുറേ ബ്ലോഗ് മീറ്റുകള്‍,കരിസമരങ്ങള്‍,അക്കാദമികള്‍,ഗ്രൂപ് ബ്ലോഗുകള്‍.....
ഒന്നിലും വേര്‍തിരിവുതോന്നിയില്ല!

എങ്കിലും കടുത്ത വിവാദങ്ങളൊന്നുമില്ലാതെ ഒരുവര്‍ഷം ഈ ബൂലോകത്തില്‍ ജീവിച്ചുതീര്‍ക്കാനായതില്‍ കൃതാര്‍ത്ഥനാണ്...

എല്ലാ ബ്ലോഗേഴ്സിനും നന്ദി!!

എന്റെ കുഞ്ഞുകുടുംബത്തിനും നന്ദി!
പ്രത്യേകിച്ചും എന്റെ വാക്കുകള്‍ക്കും വരികള്‍ക്കും ബലമായി നില്‍ക്കുന്നവള്‍ക്ക്...!!

Monday, August 11, 2008

പേടി

(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്)


ഹാളിന്റെ വിശാലതയില്‍
എനിക്ക് പേടിയാവുന്നു!
ആരാണീജനവാതലുകള്‍
കൊട്ടിയടച്ചിരുട്ടാക്കിയത്?!
മൃഗങ്ങളുടേതിലുംഭീകരമായ
മുരള്‍ച്ചകളാരുടേതാവാം?!
എന്റെ ഹൃദയമല്ലാതെയിത്ര
വേഗത്തില്‍ മിടിക്കുന്നതെന്ത്?!

സമയമറിയാത്തയിരുപ്പില്‍
എനിക്ക് പേടിയാവുന്നു!!
എന്നെ അറിയുന്നവരെല്ലാം
ഇരുട്ടിനപ്പുറത്തെവിടെയാകാം?!
എന്റെയഭാവംകലക്കിയ
കണ്ണുകളേതൊക്കെയാവാം?!
ഈശ്വരനെത്തേടിപ്പോയവര്‍
എന്നെക്കണ്ടെത്തുമോ ആവോ?!

പാദ‍ങ്ങളുടെ മരവിപ്പില്‍
എനിക്ക് പേടിയാവുന്നു!
ഈ വിശാലതയിലിരുട്ടില്‍,
എന്നെത്തിരിച്ചറിയാത്ത,
തിരഞ്ഞുവരാതോര്‍ത്തുകരയാത്ത,
ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!

എനിക്ക് പേടിയാവുന്നു!!