തലക്കെട്ടുകള്‍

Wednesday, January 30, 2008

മഷിത്തണ്ടില്‍..


മഷിത്തണ്ട് എന്ന കുട്ടികള്‍ക്കായുള്ള ബ്ലോഗില്‍ ഒരു കുഞ്ഞിക്കവിത(ഉമ്മമരുന്ന്)യിട്ടിട്ടുണ്ട്!
ഈ വഴി വരുന്നവര്‍ അവിടേക്കും കയറണേ...!!

Saturday, January 05, 2008

നീയെനിക്കാരാണ്?!

രു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!

ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,
ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...

സഖാവേ..നീയെനിക്കാരാണ്?!!

ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..

സഖാവേ..നീയെനിക്കാരാണ്?!

ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..

സഖാവേ..നീയെനിക്കാരാണ്?!

ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!