തലക്കെട്ടുകള്‍

Tuesday, October 30, 2007

നിശാഗന്ധി











വള്‍ക്ക്,
ഒരൊറ്റ രാവേ യോഗം
നിലാവുകൊള്ളുവാന്‍..!

ഒരേ നില്‍‌പുനിന്ന്;വിടര്‍ന്ന്
ചുറ്റിവിലസി മണം പരത്തി...
നിലാവിനെയും തോല്‍പ്പിച്ച്,
ഒരുമുഴം പോലുമനങ്ങാതെ
നിന്നഴകുദ്രവിച്ച്;പിണമായി,
കാലത്തിന്റെ ഉച്ഛിഷ്ടം‌പോല്‍
കരിപുരണ്ട മണ്‍ചട്ടിയിലെ
ചാ‍ണകപ്പൊടിപറ്റിയമണ്ണില്‍
‍അഴുകിക്കുഴഞ്ഞുവീഴും വരെ..
മണം‌പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ..
അവള്‍ക്കൊരു രാവുമാത്രമേ
യോഗം,നിലാവുകൊള്ളുവാന്‍..!!

വെളുക്കെച്ചിരിച്ചുംകൊണ്ടാ
നിലാവത്തുലാത്തുമ്പോള്‍
വെള്ളിവെളിച്ചം വീഴ്ത്തി
നിന്റെ ചിത്രങ്ങളെടുത്തവര്‍!
ഉന്മാദം പുരണ്ടവാക്കുകള്‍‌,
വരകള്‍,പണത്തിന്റെ വളം,
കാമത്തിന്റെ അശ്ലീലകമ്പളം,
മഷിയില്‍ മുക്കിയ സ്നേഹം...
ഒക്കെത്തന്നിങ്ങനെ നിന്നെ-
യഴുകാന്‍‌വിട്ടു പോയ നിന്റെ
ആരാധകരൊക്കെയെവിടെ?!

രാവിന്റെയന്ത്യയാമങ്ങളില്‍,
നിലാവിന്റെപൂര്‍വ്വാഗ്രത്തൊരു
ചോപ്പുകിനിയുന്നതിന്‍ മുമ്പേ..
ഉള്ളിലിത്തിരി മണവും കോരി-
യവരെങ്ങോ മറഞ്ഞുപോകുന്നു!!
*****************************

19 comments:

ഹരിയണ്ണന്‍@Hariyannan said...

വെള്ളിവെളിച്ചങ്ങള്‍ക്കുപിറകേ പാഞ്ഞ്..
ഒരു രാവുമാത്രം കൊണ്ട്,
മണം വറ്റിക്കൊഴിഞ്ഞുപോകുന്ന
ഒരായിരം നിശാഗന്ധികളെ ഓര്‍ത്തുകൊണ്ട്..

സുജനിക said...

അവള്‍ക്കൊരേ രാവ്
നിലാവു കൊള്ളുവാന്‍
എന്നു മതി..ബാക്കി എന്നു പറയുമ്പോള്‍ നേരത്തേ കുറേ അനുഭവിച്ചു എന്നു വരും...പൂവിന്നൊരുപകല്‍...ആണു..
നല്ല കവിത...എഡിറ്റ് ചെയ്യണം...എന്നാല്‍ അസ്സലാവും..അഭിനന്ദനം.

മാണിക്യം said...

“മണം‌പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ....”
ജീവിതത്തിന്റെ വേദന മുഴുവന്‍ ആ നിര്‍ത്ഥത, എല്ലാം വരച്ചുകാട്ടുന്നു വായിച്ചു തീര്‌ന്നപ്പൊള്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നുയര്‍‌ന്നാ നിശ്വാസം ഹരീ ഞാനിതാ ഇവിടെ സമര്‍പ്പിക്കുന്നു

ഹരിയണ്ണന്‍@Hariyannan said...

നന്ദി രാമനുണ്ണിമാഷേ...
“അവള്‍ക്ക്,
ഒരു രാവുമാത്രംബാക്കി
നിലാവുകൊള്ളുവാന്‍..!“ എന്ന വരികള്‍
“ഒരൊറ്റ രാവേ യോഗം”എന്നുമാറ്റി..അതിനനുസരിച്ച് താഴെയുള്ള ആവര്‍ത്തനവരികളും..
നന്ദി ഒരിക്കല്‍കൂടി...എനിക്കുഗുണം ചെയ്യുന്ന ഒരു കമന്റിട്ടതിന്..!

മാണിക്യം നന്ദി..
നിശാഗന്ധി കാനഡയിലുണ്ടോ?
പൂവായും മനുഷ്യരായും??ഹിഹി

Gayu said...

“ഒരൊറ്റ രാവേ യോഗം
നിലാവുകൊള്ളുവാന്‍..!“..... കലക്കി..ട്ടോ.
ശരിക്കും മനസ്സുനിറഞ്ഞു...കവിത ശരിക്കും വളരെ കുറച്ചുമാത്രമുള്ള ഈ മര്‍ത്ത്യജീവിതത്തെയും വരച്ചുകാട്ടുന്നു ഹരീ...
പണ്ട്, കുട്ടിക്കാലത്ത്, അല്ലാ വലുതായിട്ടും മുറ്റത്തെ ചട്ടിയില്‍ ഈ നിശാഗന്ധി വിരിയണതും കാത്തിരുന്നിട്ടുണ്ട്....അതു വിരിയണതു മുഴുവനും ഉറക്കമിളച്ചിരുന്നു കണ്ട് മനസ്സില്ലാമനസ്സോടെ കിടന്നുറങ്ങും...രാവിലെ എണീറ്റുവരുമ്പോള്‍ വല്യ വിഷമായിരുന്നു....ആ ചിത്രവും പൂര്‍ണ്ണമായും മനസ്സിന്റെ സ്ക്രീനില്‍ തെളിയുന്നു.

പ്രയാസി said...

:)

മയൂര said...

കുഞ്ഞിലെ രാവിലെയുണരുമ്പോള്‍ വാടിനില്‍ക്കുന്ന നിശാഗന്ധിമാത്രമേ കണ്ടിട്ടുള്ളൂ, അപ്പോള്‍ മനസില്‍ ഇപ്പോഴും അത് മോട്ടാണ് എന്നായിരുന്നു ധാരണ, പിന്നെ 10, 12 മണിവരെ ഉറക്കമൊഴിഞ്ഞിരുന്നു ഒരുനാള്‍ നിശാഗന്ധി വിടരുന്നതും കാത്തിരുന്നു....ഹാ...ആ സന്തോഷം, പറഞ്ഞറിയിക്കാന്‍ കഴിയില്ല...

കവിതയിലെ വരികള്‍ വളരെ നന്നായിരിക്കുന്നു...

ഹരിയണ്ണന്‍@Hariyannan said...

ഗായത്രീ..നന്ദി..എന്തുകൊണ്ടോ നിശാഗന്ധിയുടെപൂക്കള്‍, ഒരുതവണയെങ്കിലും കാണുന്നവരുടെമനസ്സില്‍ വാടാമലരായിനില്‍ക്കുന്നു..
മയൂര പറഞ്ഞപോലെ കുട്ടിക്കാലത്ത് മനസ്സില്‍ അവള്‍ ഒരു രാത്രിയുടെ ഉണര്‍വായും പുലര്‍കാലത്തെ നിരാശയായും കുടിയേറുന്നു.
പ്രയാസീ..നന്ദി

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

Anonymous said...

അവള്‍ക്കൊരു രാവുമാത്രമേ
യോഗം,നിലാവുകൊള്ളുവാന്‍..!

നിലാവും മൂടല്‍മഞ്ഞും ഹൃദയത്തിലേക്കു ഇറ്റുവീഴുന്നു...ഇരവിന്റെ പടിവാതിലില്‍ തുറന്ന് നിലാവിലലിയുന്ന ഒരു നിശാഗന്ധിയായെങ്കില്‍..

ഗിരീഷ്‌ എ എസ്‌ said...

രാത്രിയിലെ
അവളുടെ ഗന്ധം
വിരി വഴുതിമാറിയ ജാലകത്തിലൂടെ അകത്തുവരാറുണ്ട്‌...

നിശാഗന്ധി
ഒരു സ്വപ്നമാണ്‌....
ഒരിക്കലും
മനസില്‍ നിന്നും
വഴുതിപ്പോകാത്തൊരു
സ്വപ്നം..

അഭിനന്ദനങ്ങള്‍...

Anonymous said...

ഹരീ -

“ അവള്‍ ഒരു രാത്രിയുടെ ഉണര്‍വായും പുലര്‍കാലത്തെ നിരാശയായും ....“ ഹരി പറഞ്ഞതു തന്നെ നിശാഗന്ധി..!!! കവിതയുടെ പ്രമേയം നന്നായിരിക്കുന്നു .

രാവിന്റെയന്ത്യയാമങ്ങളില്‍,
നിലാവിന്റെപൂര്‍വ്വാഗ്രത്തൊരു
ചോപ്പുകിനിയുന്നതിന്‍ മുമ്പേ..

കവിതയുടെ അവസാനവരികളിലെ ഈ ഉപമയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ... ഹരിയുടെ കവിതകളിലെ ബിംബങ്ങള്‍ എപ്പോഴും നല്ല ശക്തമാണ്...

അടുത്ത കവിത/കഥക്കായിട്ട് കാത്തിരിക്കുന്നു.

- സ്നേഹാശംസകളോടെ, സന്ധ്യ :)

ഹരിയണ്ണന്‍@Hariyannan said...

മൌനത്തിന്റെ വാല്‍മീകമുടച്ചതിന് നന്ദി വാല്‍മീകീ..
നിശാഗന്ധി ഇരുട്ടില്‍ മണം കൊണ്ട് വഴിവരക്കുന്നവളാണല്ലോ...
നിലാവിലെ ആ സുഗന്ധമാവാനാണ് അനാമികയെപ്പോലെ ഞാനും ആഗ്രഹിക്കാറുള്ളത്..
അനാമികാ സാര്‍ത്ഥവതീ ബഭൂവ!!

ദ്രൌപദിക്കും നന്ദി..വന്നതിനും വായിച്ചതിനും..അഭിപ്രായം പറഞ്ഞതിനും!!

സന്ധ്യാ...നന്ദി!
വാക്കുകള്‍ കൊണ്ടുള്ള ഈ പ്രോത്സാഹനമാണല്ലോ അടുത്തതെന്തെങ്കിലുമെഴുതാന്‍ പ്രേരണയാകുന്നത്...

ശ്രീ said...

ഹരിയണ്ണാ...

വായിക്കാന്‍‌ കുറച്ചു വൈകി... എങ്കിലും നല്ല കവിത... നല്ല വരികള്‍‌...

“...കാലത്തിന്റെ ഉച്ഛിഷ്ടം‌പോല്‍
കരിപുരണ്ട മണ്‍ചട്ടിയിലെ
ചാ‍ണകപ്പൊടിപറ്റിയമണ്ണില്‍
‍അഴുകിക്കുഴഞ്ഞുവീഴും വരെ..
മണം‌പോയുണങ്ങിയൊട്ടിയ
മെയ്യില്‍ നെയ്യുറുമ്പിഴയുംവരെ...”

:)

ഹരിശ്രീ said...

ഹരിയണ്ണാ,

വായിക്കാന്‍ ഒരുപാട് വൈകി.

നന്നായിരിയ്കുന്നു.

മന്‍സുര്‍ said...

ഹരിയണ്ണാ....

വളരെ ഇഷ്ടായി ഈ മനോഹര കവിത

നന്‍മകള്‍ നേരുന്നു

ഹരിയണ്ണന്‍@Hariyannan said...

വൈകിയാണെങ്കിലും വന്നുവായിച്ച് അഭിപ്രായം പറഞ്ഞതിന് ശ്രീക്കും ഹരിശ്രീക്കും നന്ദി..പിന്നെ,ഇതിലെന്ത് ‘വൈകല്‍’?
ഒരിക്കലും പുതുമനശിക്കാതെ ഇതൊക്കെ ഇങ്ങനെ കിടക്കും...

മന്‍സൂര്‍..
നന്ദി!!

Rejesh Keloth said...

എത്തിപ്പെടാനും, വയിക്കാനും വൈകിയത് കാരണം, ഇപ്പോള്‍ പറയട്ടെ...
മനോഹരം..
ഇലയും തണ്ടും ഒന്നായ്, ഇലയില്‍ കിളിര്‍ക്കുന്ന നിശാഗന്ധിയെ ഓര്‍ത്തുകൊണ്ട്...
അതിമനോഹരം..
വരാന്‍ പറ്റിയാല്‍ എന്റെതീരത്തേക്കും സ്വാഗതം..

Seema said...

നന്നായിട്ടുണ്ട്...ശെരിക്കും ആസ്വദിച്ചു ...പിന്നെ വേദനിച്ചു....