തലക്കെട്ടുകള്‍

Wednesday, February 06, 2008

മണ്ണില്‍ നിന്നും...
ധൂമം‌പടര്‍ന്നു കരിവീണൊരാറടിമണ്ണിന്‍കീഴി-
ലുയിരാര്‍ന്നമോഹമായ്പ്പടരുന്നു നീ സഖീ!!

കത്തിവറ്റിയെന്‍ കരള്‍ ചാരമാകുവാ-‍
നല്പനേരം വിധിച്ചിതിന്നെന്നിലെ
ശിഷ്ടബോധം കെടും മുമ്പുനിന്നോര്‍‍മ്മ
പിച്ചവക്കും മനം നൊന്തുപാടുന്നുഞാന്‍!!

എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!!

പണ്ടുകാലം നിറച്ചാര്‍ത്തില്‍മുക്കിയോ-
രെന്റെ യൌവ്വനതൃഷ്ണകള്‍ക്കരണിയായ്
ചാരുരൂപമായെന്നും നിറഞ്ഞൊരെ-
ന്നോമനേനിന്നെയോര്‍ത്തുവേവുന്നിതാ!!

ഇല്ല,പാഴ്വാഗ്മാരിപെയ്യുന്നനേരങ്ങ-
ളില്ലകാമം കറുത്തുകനക്കും കടീതടം!
ഇല്ല സ്വപ്നങ്ങളിലില്ലാതെ നീ;യെന്റെ
സര്‍ഗസായാഹ്നശക്തിയാം പ്രേയസീ!!

എന്നെപ്പിരിഞ്ഞൊരാ‍ വേദനക്കന്നുനീ
പൊള്ളിക്കരിച്ചനിന്‍ മെയ്യില്‍നിന്നൊട്ടു
പ്രേമം ദഹിക്കാതെനിന്നതാണെന്റെ
‍‍മണ്‍ചിരാതില്‍‍ നിറഞ്ഞദീപം പ്രിയേ!!

ഇന്നുഞാനും ദഹിച്ചടങ്ങുമ്പൊഴെന്‍,
നെഞ്ചിലൊട്ടും കെടാതെകത്തുന്നൊരാ
സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!

സ്നേഹദീപം തിരിച്ചെടുത്തെന്നെയും..
മണ്ണില്‍നിന്നും മടക്കിവാങ്ങീടുക!!!

32 comments:

ഹരിയണ്ണന്‍@Hariyannan said...

വായിക്കൂ...
ഇതെന്താണെന്നുമാത്രം ചോദിക്കരുതേ...!!

കാപ്പിലാന്‍ said...

തേങ്ങ വേണോ വെടി വേണോ , പുറകെ ആളുകള്‍ വരുന്നുണ്ട് .. അതുകൊണ്ടാ ... എന്തായലലും ഞാന്‍ ഒരു ചെറിയ വെടി വെച്ചിട്ട് പോകാം
ശൂ .... ശൂ ...റ്റെ ഹോ ..ചീറ്റി പോയി ഇനി ആരെങ്കിലും വെക്കട്ടെ

മാണിക്യം said...


"എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നു ഞാന്‍!!"
,

ഇത് എന്താണെന്ന് ചൊദിക്കുന്നില്ല്
എന്താണെന്ന് ഇനി എന്തിനാ
ഒരു വിശദീകണം!


മനസ്സില്‍ ഉടക്കി നില്‍ക്കുന്ന വരികള്‍
ഭാവുകങ്ങള്‍ നേരുന്നു.

ഗീതാഗീതികള്‍ said...

ഇതെന്താണെന്നു ചോദിക്കാതെ തന്നെ കുറെയൊക്കെ മനസ്സിലായി.
വായിച്ചുകഴിഞ്ഞ് മനസ്സിനു് വല്ലാത്തഭാരം....
കവിത ഗംഭീരം തന്നെ എപ്പോഴത്തേയും പോലെ..
ആ മഴക്കവിത മനസ്സിനു കുളിരു പകര്‍ന്നെങ്കില്‍ ഇത് ഒരു വിങ്ങലായി മനസ്സില്‍ നിറയുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നെപ്പിരിഞ്ഞൊരാ‍ വേദനക്കന്നുനീ
പൊള്ളിക്കരിച്ചനിന്‍ മെയ്യില്‍നിന്നൊട്ടു
പ്രേമം ദഹിക്കാതെനിന്നതാണെന്റെ
‍‍മണ്‍ചിരാതില്‍‍ നിറഞ്ഞദീപം പ്രിയേ!!

എനിക്കീ വരികളാ ഇഷ്ടയേ :)

ശ്രീ said...

ഹരിയണ്ണാ...
നല്ല വരികള്‍!
“വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!”
:)

ഹരിയണ്ണന്‍@Hariyannan said...

കാപ്പിലാനേ പൊട്ടാതെ പോയെങ്കിലും നല്ല വെളിച്ചമുള്ള വെടി...
മാണിക്യം..നന്ദി. നോ ചോദ്യംസ് ;)
ഗീതാസ്,പ്രിയാസ്,ശ്രീക്കുട്ടന്‍....
നന്ദി!!

ശ്രീനാഥ്‌ | അഹം said...

nice.. nice... nice...

സതീര്‍ത്ഥ്യന്‍ said...

എന്തരണ്ണാ, മനസ്സിനെ പിടയ്ക്കുന്ന ഹൃദയം പോലാക്കിയല്ലോ...
ഓരോ വരികളിലെ ചൂടും ശരിക്കറിയുന്നു.. കണ്ണിലെ വെള്ളം പോലും വറ്റിപ്പോകുന്നു..
ദേഹം മരിച്ചില്ലെങ്കിലും, പ്രണയത്തിന്റെ ദേഹി കൂടുവിട്ടുപോകുന്ന വേദന അറിഞ്ഞ ആര്‍ക്കും, കത്താതെയുരുകുന്നതിന്റെ തീക്ഷ്ണതയറിയാം.. അതു വക്കുകളിലൂടെ വരച്ചുവച്ചതിനു നന്ദി..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞാന്‍ ചോദിക്കുന്നില്ലായെ..
വായിച്ച് വായിച്ച് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ മിക്കവാറും ഞാന്‍ കണ്ടു പിടിയ്ക്കും..

അണ്ണേയ് യെന്തരക്ക കാട്ടിക്കൂട്ടിയേക്കണത്..?

കാലമാടന്‍ said...

"സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!"
ഇപ്പോഴാ ഇതുവഴി ഒന്നു വരാന്‍ പറ്റിയത്....
മരുന്നു കൊള്ളാമല്ലോ...

Gopan (ഗോപന്‍) said...

ഹരിയണ്ണാ...
കവിത നന്നായിട്ടുണ്ട്..
മനസ്സില്‍ തട്ടുന്ന വരികള്‍..

jithan said...

Hi Hariyanna....
Kavitha Vaayichu...
Enthe ellaa pranayathilum vishaadachaaya.....pranayam dukhamaanenno?????
Verpaadinte baakipathramaayi orupidi novippikkunna smruthikal....
Nannaayirikkunnu kavitha...
(Abhipraayam parayaanulla vivaram undo enikku....ariyilya....enkilum hariyannan nalkiya swaathanthryathil ezhuthippoyathaanu....)

ഹരിയണ്ണന്‍@Hariyannan said...

നന്ദി ശ്രീനാഥ്.
സതീര്‍ത്ഥ്യ, അനുഭവപാഠങ്ങളാണല്ലോ വരികളും.അല്ലേ?!
സജീ..വരികള്‍ക്കിടയില്‍ പരതല്ലേ മോനേ...

മയൂര said...

ചോദ്യം ദു:ഖമാണുണ്ണീ എന്നാരോ നിലവിളിക്കുന്നത് കൊണ്ടു ഒന്നും ചോദികുന്നില്ല. പക്ഷേ, ഞാന്‍ ഞാന്‍ വായിച്ചറിഞ്ഞു ഉള്ളിലെ വിങ്ങല്‍, അതു വായനകാരിലേക്കും പടരുന്നുണ്ട്. :)

സാരംഗി said...

"ഇന്നുഞാനും ദഹിച്ചടങ്ങുമ്പൊഴെന്‍,
നെഞ്ചിലൊട്ടും കെടാതെകത്തുന്നൊരാ
സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!

ഹരീ..ആഴമുള്ള വരികള്‍. മനോഹരമായിട്ടുണ്ട്. അടുത്തത് അടുപ്പില്‍ വയ്ക്കു..:)

കനല്‍ said...

അണ്ണാ ഇത് എന്തിനുള്ള മരുന്നാ?

എനിക്ക് തോന്നുന്നത് പ്രതിരോധമരുന്നാന്നാ?
പ്രണയത്തില്‍ മുങ്ങികുളിച്ചാ എന്നായാലും
വേര്‍പാടെന്നൊരു അസുഖം പിടിപെടുമല്ലൊ?
എന്ന് കരുതി ആ കുളി വേണ്ടാന്ന് വയ്ക്ക്കുവാന്‍ പറ്റില്ലല്ലോ?
തെളിനീരു കെട്ടി കിടക്കുന്നത് കണ്ടാല്‍ അറിയാതെ ഇറങ്ങി മുങ്ങി കുളിക്കും. അതാ മനുഷ്യന്‍

ഹരിയണ്ണന്‍@Hariyannan said...

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പാടില്ല മയൂര..:)

സാരംഗി...നന്ദി! അടുത്തതൊരെണ്ണം അടുപ്പില്‍ വച്ചിട്ടുണ്ട്..ഉടന്‍ പാകമാവും!

കനലേ..ഇതൊന്നും തടയരുത്...!!
ചിക്കന്‍ പോക്സു പോലെയാണ് പ്രണയം!ഒരുതവണ വരുന്നതുനല്ലതാ...!

വേണു venu said...

എന്താണെന്നൊന്നും ചോദിക്കുന്നില്ല.
വരികള്‍‍ ഹൃദ്യമാണ്‍.:)

മൃദുല്‍....|| MRIDUL said...

കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല...

:)

നന്നായിട്ടുണ്ട്

സന്ധ്യ :) said...

പ്രിയപ്പെട്ട ഹരീ

സര്‍ഗസന്ധ്യക്കുശേഷം ഇത്രക്കും തീവ്രതയുള്ള ഒരു കവിത ഇപ്പോഴാണ് കാണുന്നത്.. ഇഷ്ടമായി എന്നു പ്രത്യേകം പറയണോ?! ഇഷ്ടപ്പെട്ടുവെന്നു മാത്രമല്ല, മനസിലെ വല്ലാതെ പിടിച്ചുലച്ചു.

തന്റെ സര്‍ഗസൃഷ്ടിക്ക് പ്രേരണയായി നിന്നവള്‍, തന്റെ യൌവനതൃഷ്ണകളെ ഉണര്‍ത്തിയവള്‍, നിന്റെ നെഞ്ചിലൊരു തീയായ് പടര്‍ന്നവള്‍, നിന്നില്‍ ഒരു കുളിര്‍കാറ്റായ് വീശിയവള്‍.. പിന്നെയും പിന്നെയും എന്തൊക്കെയോ ആയിരുന്ന ആ പ്രണയം!! അതിന്റെ വിരഹം... പ്രണയിനിയെ പിരിഞ്ഞുള്ള ജീവിതം.. അതിന്റെ വേദന... ആ അവസാന വരികളില്‍ അതിന്റെ തീവ്രതമുഴുവനുമുണ്ട്...

ഇനിയും എഴുതണം. അടുത്തതിനായിട്ട് കാത്തിരിക്കുന്നു

- സ്നേഹാശംസകളോടെ , സന്ധ്യ :)

ഹരിയണ്ണന്‍@Hariyannan said...

വേണുവേ...നന്ദി!
പയ്യനേ..മൃദുലേ...നീ ഒന്നും പറയണ്ട,എല്ലാം വ്യക്തമാണല്ലോ...
സന്ധ്യാ..
“തന്റെ സര്‍ഗസൃഷ്ടിക്ക് പ്രേരണയായി നിന്നവള്‍, തന്റെ യൌവനതൃഷ്ണകളെ ഉണര്‍ത്തിയവള്‍, നിന്റെ നെഞ്ചിലൊരു തീയായ് പടര്‍ന്നവള്‍, നിന്നില്‍ ഒരു കുളിര്‍കാറ്റായ് വീശിയവള്‍.. പിന്നെയും പിന്നെയും എന്തൊക്കെയോ ആയിരുന്ന ആ പ്രണയം!! അതിന്റെ വിരഹം... പ്രണയിനിയെ പിരിഞ്ഞുള്ള ജീവിതം.. അതിന്റെ വേദന... “
മനോഹരമായ ഈ വിലയിരുത്തലിനു നന്ദി.

ദ്രൗപദി said...

ഹരിയണ്ണാ..
ഒരുപാടിഷ്ടമായി...
ഓര്‍മ്മയുടെ ശക്തി വരികളെ ചൂഴ്‌ന്ന്‌ നില്‍ക്കുന്നു

ആശംസകള്‍

ഹരിയണ്ണന്‍@Hariyannan said...

നന്ദി ദ്രൌപദീ..

ഉപാസന | Upasana said...

ഗദ്യകവിതകള്‍ വായിച്ച് മടുത്തിരിക്കുകയായിരുന്നു.
അപ്പോഴതാ അണ്ണന്‍ ഒരു കവിതയുമായി വന്നിരിക്കുന്നു.
എനിക്കിഷ്ടമായി, വളരെ.

“എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!!!”

പ്രണയം..!!!
എനിക്ക് വയ്യ അണ്ണാ..!
കാരണമെന്തെന്നല്ലേ, എന്റെ ആടുത്ത പോസ്റ്റ് നോക്കിക്കോളൂ “എന്റെ ഉപാസന” യില്‍

നല്ല കവിത.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഹരിയണ്ണന്‍@Hariyannan said...

ഉപാസനേ..

നന്ദി..വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും...

ചന്ദ്രകാന്തം said...

‍...വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!

അവസാനത്തെ തിരിനാളം കൂടി കെടുത്തിയുള്ള മടക്കയാത്ര.....
വല്ലാതെ മനസ്സിനെ സ്പര്‍‌ശ്ശിച്ചു.

ഹരിയണ്ണന്‍@Hariyannan said...

മൂണ്‍ മാഗ്നറ്റിനും നന്ദി!!

വിട്ടുപോകാതെ ഒട്ടിനില്‍ക്കുന്ന ചില ആത്മബന്ധങ്ങളെക്കുറിച്ച്...അവസാനം മണ്‍‌തരികളായി പടര്‍ന്ന് പരക്കുമ്പോഴും
ചാരക്കൂമ്പാരത്തിലെ ഏതെങ്കിലുമൊരു തരിയില്‍
അത് ഉയിരിട്ട് ശ്വാസമെടുക്കും...

ഹരിശ്രീ said...

ഹരിയണ്ണാ,

നല്ല വരികള്‍!
“വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!”
:)

കാര്‍ത്ത്യായനി said...

സ്വയമുരുകിത്തീരുന്ന പ്രണയത്തിന്റെ തീക്ഷ്ണതയുണ്ട് ഈ വരികളില്‍..ഗംഭീരം എന്നു പറയേണ്ടതില്ലല്ലോ..

ഹരിയണ്ണന്‍@Hariyannan said...

ഹരിശ്രീ,കാര്‍ത്യായനീ..

രണ്ടാള്‍ക്കും നന്ദി.വന്നതിനും വായിച്ചതിനും..
ഇനിയും വരണേ..

ആള്‍രൂപന്‍ said...

ഇതൊക്കെയല്ലേ അണ്ണാ, കവിത!!!!!!!!!
ഇനിയും എഴുതൂ.
ആശംസകള്‍