തലക്കെട്ടുകള്‍

Friday, January 29, 2010

അകാരണം























കുടതീര്‍ത്ത മരമേ..

നിന്റെ നിഴലിന്നു
നീളമേറുമ്പോളതിന്‍
തണല്‍ തന്ന സ്വാസ്ഥ്യ-
വുമകന്നു പോകുന്നു.

മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,
ഇരുവശം കാണാത്ത
സൈരികം മാതിരി
എന്നുള്ളിലെവിടെയോ
ചാട്ടവാറൊച്ചകള്‍ !

ചുറ്റും മദിക്കുമീ
സൂകരക്കൂട്ടങ്ങളൊഴിയും,
ഇരുളിലെന്നെങ്കിലും
തെളിയുമെന്‍
ചേറ്റുകണ്ടത്തിലും
നിലാവിന്റെ മുത്തുകള്‍ !

കുടതീര്‍ത്ത മരമേ..

വരുമന്നുഞാന്‍ തിരികെ
യതുമാത്രമാണുറ-
പ്പറിയില്ല കാലം
തടുക്കാതിരിക്കുകില്‍ !

ആവില്ല പടരാ-
നെനിക്കിനിപ്പകരുവാന്‍
വാക്കിന്റെയിത്തിരി
ശ്വാസമേ ബാക്കി!

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

എനിക്കറിയാമെന്റെ
മരമേ...
നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!

23 comments:

ഹരിയണ്ണന്‍@Hariyannan said...

എല്ലാം അകാരണമായിരുന്നു.

തണലുപേക്ഷിച്ചുപോന്നതും...
ചിലപ്പോള്‍ തിരികെപ്പോകുന്നതും..

ചിത്രം തന്ന പകലന് പ്രത്യേക നന്ദി!

വീകെ said...

ആശംസകൾ...

Unknown said...

എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം

ഒരുപാട് ഇഷ്ടമായീ ഈ വരികള്‍..
www.tomskonumadam.blogspot.com

പകല്‍കിനാവന്‍ | daYdreaMer said...

നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!
!!!

<3

mini//മിനി said...

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!
ആ തണൽ എന്നെന്നും ഉണ്ടാവട്ടെ,,,

താരകൻ said...

കവിതകൊള്ളാം ചിത്രത്തിന്റെ കൃത്രിമത്വം അത് ഒരു പരിധിവരെ കഴുകികളയുന്നുണ്ട്..(it is neither shine nor rain ,then why this man is still holding the umbrella...)

Kuzhur Wilson said...

ഹരിയണ്ണാ ഇതെനിക്ക് ഉറക്കെ ഉറക്കെ ചൊല്ലണം

kichu / കിച്ചു said...

കാത്തിരിക്കും ആ മരം നീ വരുന്നതു വരെ..
ഇല പൊഴിക്കാതെ.. നിര്‍ത്താതെ മഞ്ഞു പെയ്യിച്ച്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തണലിന്റെ മരമായിരിക്കുക..

കനല്‍ said...

പണ്ടു തണലു തന്ന മരങ്ങളെല്ലാം
ഇനി തിരികെ ചെല്ലുമ്പോ

വെറും ‘മരക്കുറ്റികള്‍’ ആയി ത്തീര്‍ന്നിട്ടുണ്ടാവും
.

മനോഹരമായ വരികള്‍ ഹരിയണ്ണാ

മാണിക്യം said...

ഇവിടെ ഞാന്‍ അതു കാണുന്നു വീണുകിടക്കുന്ന ഇലയിലേക്ക് നിര്‍ത്താതെ മഞ്ഞു പെയ്യുന്നത് - ആവും എന്നെ കാണാഞ്ഞിട്ടാവും .. “മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,......” മറക്കാന്‍ ആവാത്ത നല്ല മുഹൂര്‍ത്തങ്ങള്‍ കൊരുത്ത്,മനോഹരമായ് എഴുതിയ കവിത!

ചന്ദ്രകാന്തം said...

തണലും തണുപ്പുമുള്ള വരികള്‍..

M.R.Anilan -എം. ആര്‍.അനിലന്‍ said...

നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!
-നന്ദി!

jayanEvoor said...

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

മരം ഉണ്ടായിരിക്കട്ടെ, തിരിച്ചു വരുമ്പോൾ!
നല്ല വരികൾ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനും തുള്ളി കവിത കോരിയെടുത്തു കൊണ്ടുപോക്കോട്ടേ?

Sandhya said...

പന്നിക്കൂട്ടങ്ങള്‍ മദിച്ചുമറിയട്ടെ, നിലാവിന്റെ മുത്തുവിളയാനായ് കാത്തിരിക്കാം. കാലം തടുക്കാതിരുന്നാല്‍ തിരിച്ചെത്താം, അതുവരേക്കും വാക്കിന്റെ ശ്വാസം പകര്‍ന്നുനല്‍കുക ( ഒരു പ്രവാസിക്ക് യോജിച്ച ചിന്ത)!

ഇഷ്ടപ്പെട്ടുവെങ്കിലും ചില എഡിറ്റിങ്ങ് കൂടെയാകാമായിരുന്നു എന്നു തോന്നുന്നു. ഉദാഹരണത്തിന് “ഞാന്‍ വരുവോളവും, നീ നിന്റെയിലകള്‍ പൊഴിക്കാതിരിക്കുക!“ , എന്ന സ്ഥലത്ത് ആ “നീ “ എന്നതിന്റെ ആവശ്യമുണ്ടോ? ( വ്യക്തിപരമായ അഭിപ്രായമെന്ന ജാമ്യം :) അതോ കവിത താളനിബദ്ധമാകാനായ് ചേര്‍ത്തതോ? )

മറ്റൊന്ന്, അവസാനവരികളിലെ “എനിക്കറിയാമെന്റെ മരമേ... “ എന്നത്- എന്തോ ആ വാക്കുകളൊന്നുകൂടി മയപ്പെടുത്തി, കവിതയുടെ മറ്റുവരികളോട് ചേര്‍ന്നു നില്‍ക്കുന്ന വാക്കുകള്‍ തിരഞ്ഞെടുക്കാമായിരുന്നുവെന്നു തോന്നി.

( എഴുതുന്നയാളുടെ ശൈലിയും വാക്കുകളുടെ തിരഞ്ഞെടൂപ്പും വായിക്കുന്നവര്‍ പറയുന്നതുപോലെയാകണമെന്നില്ല . എങ്കിലും മികച്ചതാകുമായിരുന്ന ഈ കവിത ധൃതികോണ്ട് ‘നന്നായി‘ എന്നായി എന്നൊരു തോന്നല്‍):)

ഇനിയും എഴുതുക, വായിക്കാനാള്‍ക്കാരുണ്ട്.
- ആശംസകള്‍ , സന്ധ്യ

Unknown said...

അതു പോഡ്കാസ്റ്റ് ചെയ്യൂ...ബൂലോകത്തിൽ ഒരു പുതിയ സ്വരമായിരിക്കട്ടെ....എല്ലാവിധ മംഗളാശംസകളൂം

ശ്രീ said...

"ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!"

നന്നായിട്ടുണ്ട്, ഹരിയണ്ണാ

പ്രയാണ്‍ said...

നല്ല കവിത ....എന്തൊ അമ്മയെ ഓര്‍ത്തുപോയി.

ARAYKAN said...

!!!!!!!!!!!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

അകാരണമായി തന്നെ ചൊൽക്കാഴ്ച്ച കേട്ടു...
അസ്സലായിരിക്കുന്നു ഭായി

മുജീബ് ശൂരനാട് said...

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

മനോഹരമായ വരികള്‍

മുജീബ് ശൂരനാട് said...

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!

മനോഹരമായ വരികള്‍...നന്ദി!