
ഒരു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍...
ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം!
2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍ എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി!
സമീര്‍ തിക്കൊടിയായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്..!
തുടരെ പോസ്റ്റുകളിടുക ശീലമല്ലാത്തതുകൊണ്ടും സമയക്കുറവെന്ന അലസത മനസ്സിനെ മന്ദീഭവിപ്പിക്കകൊണ്ടും എഴുത്ത് വളരെക്കുറവായിരുന്നു...
നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട് എന്ന ബ്ലോഗും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ബ്രഹ്മി എന്ന ബ്ലോഗും തുടങ്ങിവച്ചു.അവിടെയും മടി കയറി മാറാലതൂങ്ങുന്നു...
എങ്കിലും ഒട്ടനവധി സുഹൃത്തുക്കള്‍... ചുരുങ്ങിയതെങ്കിലും മനസ്സുണര്‍ത്തുന്ന വായന...
എനിക്ക് അത്രയൊക്കെ മതിയായിരുന്നു!
കുറേ ബ്ലോഗ് മീറ്റുകള്‍,കരിസമരങ്ങള്‍,അക്കാദമികള്‍,ഗ്രൂപ് ബ്ലോഗുകള്‍.....
ഒന്നിലും വേര്‍തിരിവുതോന്നിയില്ല!
എങ്കിലും കടുത്ത വിവാദങ്ങളൊന്നുമില്ലാതെ ഒരുവര്‍ഷം ഈ ബൂലോകത്തില്‍ ജീവിച്ചുതീര്‍ക്കാനായതില്‍ കൃതാര്‍ത്ഥനാണ്...
എല്ലാ ബ്ലോഗേഴ്സിനും നന്ദി!!
എന്റെ കുഞ്ഞുകുടുംബത്തിനും നന്ദി!
പ്രത്യേകിച്ചും എന്റെ വാക്കുകള്‍ക്കും വരികള്‍ക്കും ബലമായി നില്‍ക്കുന്നവള്‍ക്ക്...!!
തലക്കെട്ടുകള്‍
Tuesday, August 12, 2008
ഒന്നാം പിറന്നാള്‍...!
ലേബലുകള്‍
വാര്ഷികപ്പോസ്റ്റ്
Monday, August 11, 2008
പേടി

(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്)
ഹാളിന്റെ വിശാലതയില്‍
എനിക്ക് പേടിയാവുന്നു!
ആരാണീജനവാതലുകള്‍
കൊട്ടിയടച്ചിരുട്ടാക്കിയത്?!
മൃഗങ്ങളുടേതിലുംഭീകരമായ
മുരള്‍ച്ചകളാരുടേതാവാം?!
എന്റെ ഹൃദയമല്ലാതെയിത്ര
വേഗത്തില്‍ മിടിക്കുന്നതെന്ത്?!
സമയമറിയാത്തയിരുപ്പില്‍
എനിക്ക് പേടിയാവുന്നു!!
എന്നെ അറിയുന്നവരെല്ലാം
ഇരുട്ടിനപ്പുറത്തെവിടെയാകാം?!
എന്റെയഭാവംകലക്കിയ
കണ്ണുകളേതൊക്കെയാവാം?!
ഈശ്വരനെത്തേടിപ്പോയവര്‍
എന്നെക്കണ്ടെത്തുമോ ആവോ?!
പാദങ്ങളുടെ മരവിപ്പില്‍
എനിക്ക് പേടിയാവുന്നു!
ഈ വിശാലതയിലിരുട്ടില്‍,
എന്നെത്തിരിച്ചറിയാത്ത,
തിരഞ്ഞുവരാതോര്‍ത്തുകരയാത്ത,
ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!
എനിക്ക് പേടിയാവുന്നു!!
ലേബലുകള്‍
കവിത
Wednesday, May 28, 2008
വിമല്‍...ഒരു അനശ്വര നക്ഷത്രം!!

( ചിത്രത്തിനു കടപ്പാട്: വിമലിന്റെ A LOT LIKE LIFE എന്ന ബ്ലോഗ്)
Gender: Male
Astrological Sign: Sagittarius
Industry: Arts
Location: India
About Him
An absolute non-entity who is fast losing his appetite for life. In this cruel and heartless desert of manipulations, I am still searching for an oasis of hope. As it is said, you won't get the thing you cherish most.
ഇത്രയുമാണ് വിമല്‍ സ്വയം വിവരിച്ചിരിക്കുന്ന വിവരങ്ങള്‍!!
“Once upon a time, there was a kid who played a prank on his mother. He hid in a cupboard, thinking that his loved ones will unleash a search for finding him. His father may beat him up and the search party will despise him for sure. Nothing matters because, eventually his mother will appear on the scene, hold him to her bosom and console him… a grand bonus for his rebellious escapade. Sadly, no one came searching for him. Days and months passed by and for a long seven years he remained closeted inside the cupboard. There were some late voices of recall, but by that time, he had turned deaf and insensitive.”
ഇതുവായിച്ചാല്‍ ദുഗ്രാഹ്യമായ സ്വന്തം ജീവിതത്തിന്റെ ഇരുമ്പലമാരക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുട്ടിത്തമുള്ള മുഖം തെളിഞ്ഞേക്കും.
ഇത് വിമല്‍!!
ഏറെക്കാലത്തെ പരിചയമൊന്നുമില്ലാതെ,ബ്ലോഗിന്റെ അലമാരതുറക്കുമ്പോള്‍ മാത്രം കണ്ടിട്ടുള്ള വിമല്‍ എന്ന സുഹൃത്ത്!! റെഡ് ഇന്ത്യന്‍ എന്ന പേരില്‍ ബ്ലോഗുചെയ്തിരുന്ന സുഹൃത്ത്!എന്റെ ചില സുഹൃത്തുക്കളുടെ സുഹൃത്ത്...!!
അടുത്തകാലത്തൊരിക്കല്‍ വിമല്‍ എന്റെ സുഹൃത്തിനോടുപറഞ്ഞു;നാട്ടില്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് മടങ്ങണം....അമ്മയോടൊപ്പം നില്‍ക്കണം!
മേയ് 27-ആം തീയതി രാവിലെ; തന്റെ 28 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ നിന്നും....അമ്മയെ തനിച്ചാക്കി വിമല്‍ യാത്രയായി.
ഒട്ടേറെ ചിന്തകളെ ഒളിപ്പിച്ചുവച്ചിരുന്ന ആ ഹൃദയം ഏറെ ദുര്‍ബലമായിരുന്നുവത്രേ!!
ഒടുവിലത്തെ പോസ്റ്റില്‍, തകരാന്‍ തുടങ്ങുന്നുവെന്ന അറിയിപ്പുവന്ന വിമാനത്തിലിരുന്ന് മരണത്തെക്കുറിച്ചുചിന്തിക്കുന്ന വിമലിന്റെ വരികളുണ്ട്....
“Damn it. This plane is going to crash. You have lived a life without purpose and now you are going to die without a purpose.”
ഈറനണിയുന്ന കണ്ണുകളോടെ വിമലിന് വിട!!
ലേബലുകള്‍
ആദരാഞ്ജലികള്‍
Monday, May 12, 2008
കാണാമറയത്ത്...
രാവായീ സമയം, മനസ്സുനിറയേ മിന്നുന്നുതാരാഗണം;
ഉള്ളാകേ നിറയും മരുന്നുമണവും;കൂട്ടില്‍തനിച്ചാണുഞാന്‍!
പണ്ടേയെന്നുടെയാത്മരാഗമുണരാന്‍ പോരുന്നരാവെങ്കിലും
വന്നെത്തുംചിരിയോ വരാതെമറയും;വീണ്ടും തനിച്ചാണുഞാന്‍!!
നാലാണ്ടായിവിടെന്റെമോദമുണരും വായാടിയായോരുപെണ്‍
സാന്നിദ്ധ്യം ഹരിതാ,മമാത്മജയവള്‍;നാടെത്തിയെന്നാകയാല്‍,
എന്നിദ്രാരഹിതം കിനാവുമറയും രാവേറെയോടീടവേ
മുത്താരം വിതറീടുകെന്റെ മകളേ ;നീറുന്നിതിന്നെന്‍ മനം!
വന്നീടാം വരുമേതുനാളിലുമതാണെന്നുംമൊഴിക്കുമ്മികള്‍
എന്നാലോ ഇവിടിന്നുജീവിതമതാശാവേഗമേറീടവേ
പറ്റുന്നീലവിടേക്കുപാറിവരുവാന്‍;താരാട്ടുപാടീടുവാന്‍;
ചെന്നീരാലരുണാഭമാംകവിളിലായുമ്മാര്‍ച്ചനപ്പൂവിടാന്‍!!
ഇന്നാണാ സുദിനം, ഹൃദാത്മസുരതം ഞാനിട്ടബീജാങ്കുരം
സാമോദം മഹിയില്‍ വരുന്നതമരാന്‍;ഞാനിന്നുറങ്ങീടുമോ?!
ഇമ്മട്ടില്‍ മനമാകെയാടിയുലയും നിദ്രാവിഹീനം നിശാ;
വന്നെത്തീ വിളിയിന്നുരാവിലെയിതാ വന്നെന്റെയാരോമലും!
*********************************************************
പ്രസവമടുത്ത പരിശോധനകള്‍ക്കായി ഭാര്യ ഇന്നലെ ഡോക്ടറുടെ കാബിനില്‍ പോകുമ്പോള്‍ ജിജ്ഞാസാഭരിതയായ നാലുവയസ്സുകാരി മകള്‍ ചോദിച്ചു:“അങ്കിള്‍..ഈ വാവയെ എങ്ങനാ എടുക്കുന്നത്?!”
ഡോക്ടര്‍: “അതുമോളേ..അങ്കിള്‍ ഓം ഹ്രീം ഹ്രീം എന്നൊരു മന്ത്രം ചൊല്ലി ദേ ഇങ്ങനെ വിളിക്കും..!”നരേന്ദ്രപ്രസാദിന്റെ ആക്ഷനിട്ട് പുള്ളിപറഞ്ഞു:“അപ്പോ വാവ വരും..”
മീനു അത് മൂളിക്കേട്ടു.
പുറത്തിറങ്ങിയിട്ട് അവള്‍ അമ്മയോട് പറഞ്ഞു: “ഡോക്ടറങ്കിള്‍ അതു വെറുതേ പറഞ്ഞതല്ലേ? വയറുകീറിയല്ലേ വാവയെ എടുക്കുന്നത്?!”
ഇന്നുരാവിലേ ലോകകപ്പ് മത്സരം കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരുന്ന എനിക്ക് മീനുവിന്റെ വിളി വന്നു “അച്ഛാ...അനിയത്തി വന്നൂ!”
രണ്ടാമത്തെ മകള്‍ പിറന്നിരിക്കുന്നൂ...!!
കഷ്ടം...എനിക്ക് നിന്നെയൊന്ന് എടുക്കാനും പറ്റുന്നില്ലല്ലോ മോളേ!!
ലേബലുകള്‍
കവിത
Monday, March 31, 2008
ചില വൈഖരികള്‍!

കടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!
മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍കൊതിച്ചതാണെന്റെ കണ്ണൂര്‍!
കളകളംപാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!
തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!
പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!
കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!
പിടക്കുന്നകാമംതളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
പെണ്ണൊരുത്തിക്കുവൈധവ്യലോകം!!
മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!
ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍കൂര്‍ത്തനാവും!!
ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!
രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!
എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!
ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]
ലേബലുകള്‍
കവിത
Subscribe to:
Posts (Atom)









