തലക്കെട്ടുകള്‍
Saturday, November 24, 2007
Tuesday, October 30, 2007
നിശാഗന്ധി

ഒരേ നില്പുനിന്ന്;വിടര്‍ന്ന്
ചുറ്റിവിലസി മണം പരത്തി...
നിലാവിനെയും തോല്‍പ്പിച്ച്,
ഒരുമുഴം പോലുമനങ്ങാതെ
വെള്ളിവെളിച്ചം വീഴ്ത്തി
നിന്റെ ചിത്രങ്ങളെടുത്തവര്‍!
ഉന്മാദം പുരണ്ടവാക്കുകള്‍,
വരകള്‍,പണത്തിന്റെ വളം,
കാമത്തിന്റെ അശ്ലീലകമ്പളം,
മഷിയില്‍ മുക്കിയ സ്നേഹം...
ഒക്കെത്തന്നിങ്ങനെ നിന്നെ-
യഴുകാന്‍വിട്ടു പോയ നിന്റെ
ആരാധകരൊക്കെയെവിടെ?!

Monday, October 01, 2007
സര്‍ഗസന്ധ്യ


Wednesday, September 26, 2007
മരണം വാതില്ക്കല്
മങ്ങിയകാഴ്ചയോടെ മയക്കമുണര്‍ന്ന്,
മെലിഞ്ഞവിരലുകളില്‍ നി-
ന്നൂര്‍ന്നുവീഴാന്‍ തുടങ്ങിയ പൊന്മോതിരം
ബലമറ്റ മനസ്സിനാല്‍ മുറുക്കെപ്പിടിച്ച്,
ഈറന്‍ വറ്റിയ ചുണ്ടുകളിലുറഞ്ഞ
വെറ്റിലച്ചോപ്പിനെ നാവാല് നനച്ച്,
ചുളിഞ്ഞതോലില്‍പടര്‍ന്ന ധന്വന്തരം
കുഴമ്പിന്റെ സ്നിഗ്ദ്ധതയെത്തൊട്ടറിഞ്ഞ്,
മെഴുക്കന്‍മോണയെപ്പൊള്ളിച്ച
ഷുഗറില്ലാച്ചായതന്‍ കോപ്പയേയും,
അടുക്കളയി‘ലലയുന്ന’മരുമകളെയും
മനക്കണ്ണാല്‍ കണ്ട് ശകാരിച്ച്,
പ്രായത്തിന്റെ അസ്കിതകളോടെ
പൂമുഖത്താ ചാഞ്ഞകസേരയിലമര്‍ന്ന്,
മൈലാഞ്ചിതേച്ചുചെമ്പിച്ചമുടികള്‍ക്ക്
മണംകൂട്ടാനിനിയെന്തെന്നുചിന്തിച്ച്,
ഗേറ്റിങ്കല്‍മുട്ടിയ പാല്‍ക്കാരിപ്പെണ്ണിന്റെ
കുലത്തെയും പിതൃത്വത്തെയും പഴിച്ച്,
ചരമക്കോളങ്ങളിലെനിറമില്ലാചിത്രങ്ങളി-
ലൂടെയനസ്യൂതമലഞ്ഞ്,ആശ്വസിച്ച്,
ഇന്നിനിയെന്തെന്നു ചിന്തിച്ചിരിക്കവേ,
ഇലയനക്കാതെ,വാതിലില്‍ മുട്ടാതൊരു
നേര്‍ത്തശീതക്കാറ്റിന്‍ വിറയലായ്ചുറ്റി,
സമയംനോക്കാതെയവന്‍ വന്നുവിളിച്ചു!
നീയാരെന്ന അജ്ഞതക്ക്
'നിന്റെ മരണ'മെന്ന മറുമൊഴി.
അറിയാതെയന്ന് ഈശ്വരനെവിളിച്ചു:
"കൃഷ്ണാ,എനിക്കും മരണമോ?!"
[1991-ല്‍ എഴുതിയതിനെ ഇന്ന് ചില സുഹൃത്തുക്കളുടെ പ്രേരണയാല്‍ മാറ്റിയെഴുതി]
Thursday, September 06, 2007
ചങ്ങലകള്‍ക്ക് ഭ്രാന്തുപിടിക്കുന്നു....
കടലിന് പേറ്റുനോവുതുടങ്ങി.പാറകളില്‍ തലതല്ലിയും തീരങ്ങളെ ചവിട്ടിമെതിച്ചും അവള് അലമുറയിട്ടു!
ആദ്യാര്‍ത്തവത്തില്‍ ചോരകണ്ടുഭയന്ന കുമാരിയെപ്പോലെ ഇരുട്ട് അമ്മയുടെ നെഞ്ചിലേക്ക് ഓടിയണഞ്ഞു.ആകാശത്തിനും ഭൂമിക്കുമിടയില്‍ ചോരചീറ്റിക്കൊണ്ട് പിറന്നുവീണ സൂര്യനെ പകല്‍ കൈകളിലേറ്റുവാങ്ങി!!കാലത്തിന്റെ ജനനരജിസ്ട്രറില്‍ ഒരുദിവസം കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു.
വീശിയടിക്കുന്ന ഉപ്പുകാറ്റിന്റെ തണുപ്പും ഇളംവെയിലുമാസ്വദിച്ച് ഡോ.വിമല ജനാലക്കരുകില്‍ നിന്നു.തിരക്കേറിയ മറ്റൊരു ദിവസത്തിന്റെ ശുഭാരംഭം!!
കട്ടിലില്‍ നിറഞ്ഞുകിടന്ന അക്രിലിക് ബ്ലാങ്കറ്റിന്റെ അരിക് താഴേക്കുചുരുട്ടി ഡോ.തമ്പി തലപൊക്കി. ഒരു പുലര്‍കാലസുന്ദരസ്വപ്നത്തിന്റെ ഫിലിം ചുരുളുകള്‍ കണ്ണുകളില്‍ ചുറ്റിപ്പിണയുന്നു: “…എന്താടോ ഈ വെളുപ്പിനേ?!”
“പ്രകൃതിയുടെ ലേബര്റൂമില് സൂര്യന് പിറക്കുന്നു,ഇന്നത്തെ ഫസ്റ്റ്കേസാണ്!!”വിമലയുടെ പുഞ്ചിരി ഇളംവെയിലില്‍ കൂടുതല്‍ വശ്യമായി!
നഗരവീഥിയുടെ പരിചിതമായതിരക്കിലലിഞ്ഞുചേര്‍ന്ന് മെഡിക്കല്‍കോളേജിലേക്കുള്ള യാത്ര എന്നും തമ്പിയെ ബോറടിപ്പിച്ചിരുന്നു.വിക്ടോറിയസ്മാരക ഠൌണ്‍ഹാളിനെ വലംവച്ച് എം.ജി.റോഡിലെ കയറ്റം കയറുമ്പോള്‍ ഇടങ്കയ്കൊണ്ട് അയാള്‍ വിമലയെ തട്ടിവിളിച്ചു.
ഗൈനക്കോളജിയുടെ തടിച്ചപുസ്തകം മടിയില്‍നിന്നിറക്കി വിമല ഭര്‍ത്താവിനെ നോക്കി.
“എന്നുംചെയ്യുന്നത് ഒരേപ്രവര്‍ത്തി;തുടകളുടെ നിറം മാത്രം മാറും!ഇതിനുവേണ്ടി ഇത്രക്കു പഠിക്കാനുണ്ടോ?“ശിശുരോഗ വിദഗ്ദ്ധനിലെ ഈഗോ ഭാര്യക്കുനേരെ ചിരിച്ചുകാട്ടി.
“തമ്പീ…ബീ സീരിയസ്! ഇത് നിങ്ങളുടേതു പോലെ കുട്ടിക്കളിയല്ല.ഒരു നിമിഷത്തെ അശ്രദ്ധയില്‍ രണ്ടു ജീവനാകും നഷ്ടപ്പെടുക!”വിമലക്ക് അരിശം വന്നു.
നിശബ്ദതയുടെ മൂല്യത്തെക്കുറിച്ച് അവബോധമുണ്ടായവനെപ്പോലെ അയാള്‍ റോഡിലേക്ക് കണ്ണുകള്‍ നട്ടു.
കാനായി കുഞ്ഞിരാമന്റെ കോണ്‍ക്രീറ്റുകവിതയായ ‘അമ്മയെയും കുഞ്ഞിനെയും’ വലം വച്ച്,മെഡിക്കല്‍ കോളേജാശുപത്രിയുടെ മുരള്‍ച്ചയിലേക്ക് അവര്‍ വണ്ടിയിറങ്ങി.
രോഗമെന്ന ജീവിതത്തിനും മരണമെന്ന നിര്‍വാണത്തിനുമിടയില്‍ നെട്ടോട്ടമോടുന്ന ആയിരങ്ങള്‍ ! ഫിനോയില്‍ മണക്കുന്ന ഇരുണ്ട ആശുപത്രി ഇടനാഴികളിലൂടെ നടന്ന്, വിരുദ്ധ ദിശകളിലേക്കുള്ള അമ്പടയാളങ്ങള്‍ക്കു മുന്നില്‍ ഒരു നിമിഷം അവര്‍ നിന്നു.നിശ്ശബ്ദമായി ചിരിക്കുന്ന നോട്ടങ്ങള്‍ കൊണ്ട് യാത്ര പറഞ്ഞ്, രോഗങ്ങള്‍ക്കും രോദനങ്ങള്‍ക്കും ഇടയിലേക്ക് വീണ്ടും….!
ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് മുന്നിലെ ആള്‍കൂമ്പാരങ്ങള്‍ക്കിടയിലൂടെ,മൌനമുദ്രിതങ്ങളായ പ്രത്യഭിവാദ്യങ്ങള്‍ നല്കി കടന്നു പോകുമ്പോള്‍ വിമലയുടെ മനസ്സ് ഘടികാര സൂചികളോട് മത്സരിച്ചു പായുകയായിരുന്നു.പഠനത്തിനും ജോലിക്കുമായി ജീവിതത്തിലെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ സമര്‍പ്പിക്കപ്പെട്ട ഇടനാഴികള്‍! തന്നെ കണ്ട് വഴിമാറിത്തരുന്ന കോടാനുകോടി രോഗബീജങ്ങളുടെ ഭയവിഹ്വലമായ മുഖഭാവങ്ങള്‍ അവള് വെറുതെ സങ്കല്‍പ്പിക്കും !!
മനോരോഗവിഭാഗത്തിന്റെ തുറന്നിട്ട വാതിലിനടുത്തെത്തുമ്പോള്‍ ഇടം കയ്യിലിരുന്ന വെളുത്ത കോട്ട് അവള് തന്റെ വയറിനോട് ചേര്‍ത്തു പിടിച്ചു.ഹാഫ് ഡോറിനുമുകളിലൂടെ ആര്‍ത്തമായിതുറിക്കുന്ന ഡോ. ജലാധരന്റെ കണ്ണുകള്‍ വസ്ത്രങ്ങളെ വലിച്ചുരിയുമ്പോലെ! കറുത്ത് തടിച്ച് ഉരുണ്ടു നീങ്ങുന്ന അയാളെക്കാണുമ്പോള്‍ , ഭ്രാന്തു മൂത്ത് മുറിയിലടക്കപ്പട്ട ഏതോ രോഗിയാണെന്ന് തോന്നും !
ഗൈനക്കോളജി വിഭാഗത്തിനു മുന്നിലെ തിരക്കിനിടയിലൂടെ വിമല തന്റെ മുറിക്കുള്ളിലേക്ക് ഊര്‍ന്നു വീണു.
ഡോ.സുഹറ പരിശോധന തുടങ്ങിക്കഴിഞ്ഞിരുന്നു.മുന്നിലിരിക്കുന്ന കൃശഗാത്രയോട് പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും ഗര്‍ഭകാലത്ത് തുടര്‍ച്ചയായിക്കഴിക്കേണ്ട വിറ്റമിന്‍ ഗുളികകളെക്കുറിച്ചും സുഹറ പ്രഭാഷണം നടത്തുന്നു.ആ സ്ത്രീയുടെ മുഖം കണ്ടാലറിയാം, ഒരുനേരത്തെ മരുന്നിനോ ഭക്ഷണത്തിനോപോലും അവള് എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാവുമെന്ന്.
വിമല അടുത്തുചെന്ന് സുഹറയോട് രഹസ്യമായിചോദിച്ചു:“ആ ഡോ.ജലാധരനു മുഴുവട്ടാന്നു തോന്നുന്നു.അയാളെങ്ങനാ വട്ടന്മാരെ ചികിത്സിക്കുന്നത്?!”
ഒരുനിമിഷത്തെ അര്‍ത്ഥഗര്‍ഭമായമൌനത്തിനുശേഷം ഇരുവരും പൊട്ടിച്ചിരിച്ചു .
“ചങ്ങലക്കുതന്നെ ഭ്രാന്തിളകിയിരിക്കുന്നു!”ഡോ.സുഹറ പറഞ്ഞു.
മേശപ്പുറത്ത് കേസ്ഷീറ്റുകളുടെ കൂമ്പാരം.പ്രസവിക്കാന്‍ വന്നവരുടേതും പ്രസവിക്കാതിരിക്കാന് വന്നവരുടേതുമായി തരംതിരിച്ചിട്ടുണ്ട്!!
നിലവിളികളുടെ ജന്മഗേഹമായ ലേബര്‍റൂമിലെ ശ്രദ്ധാഭദ്രമായതിരക്കുകളിലൂടെ ഡോ.വിമല ഓടിനടന്നു.മരുന്നുകള്‍ക്കതീതമായ വേദനയുടെ കൈപ്പിടിയില്‍ കുഞ്ഞുജീവന്റെ പിറവിക്കായി പിടഞ്ഞുരുകുന്നവര്‍!!ശീതീകരണിയുടെ കുത്തിനോവിക്കുന്ന തണുപ്പിലും മനസ്സും ശരീരവും ചൂടുപിടിക്കുന്നു.ചോരപുരണ്ട കയ്യുറകള്‍ ഒന്നൊന്നായി വലിച്ചെറിഞ്ഞ് ജനനങ്ങളില്‍ നിന്ന് ജനനങ്ങളിലേക്ക് ജൈത്രയാത്ര!!
തിരികെ മുറിയിലെത്തുമ്പോള്‍ അബോര്‍ഷന്‍കേസുകളിലൊന്നിന്റെ പരിശോധനാരേഖകളുമായി ഹൌസ്സര്‍ജന്മാരില്‍ചിലര്‍ അടുത്തുകൂടി. ‘എക്ടോപിക് പ്രഗ്നന്‍സി’യാണ്.ദിശയറിയാതെ കുടുങ്ങിപ്പോയ ജീവന്റെ വളര്‍ച്ച.അവരോട് വിഷയം വ്യക്തമായി ചര്‍ച്ച ചെയ്തു.ആ സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ ‘പോളിസിസ്റ്റിക് നേച്ചര്‍’രോഗചരിത്രമായി രേഖപ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ചും,ജീവന്റെ ആ പുതുനാമ്പ് അമ്മയുടെ ജീവനെ എങ്ങിനെ ബാധിക്കുമെന്നതീനെക്കുറിച്ചും വിമല വാചാലയായി!!
ഓപ്പറേഷന്‍തിയേറ്ററിലെ നിറഞ്ഞവെളിച്ചത്തില്‍ സ്വന്തം ഗര്‍ഭമലസിപ്പിക്കാന്‍ ഊഴംകാത്തുകിടക്കുന്ന പെണ്ണിന്റെ മുഖത്തേക്ക് വിമല നോക്കി.രമണി,18 വയസ്സ് എന്നതിനപ്പുറം അവളെക്കുറിച്ച് കൂടുതലറിയാന്‍ വിമലക്ക് താല്പര്യമില്ലായിരുന്നു.‘അവിവാഹിത’എന്ന രേഖപ്പെടുത്തലിന്റെ നിയമവിധേയതക്കപ്പുറത്തേക്ക് വൈകാരികമായി ചികഞ്ഞിറങ്ങാനും വിമല മെനക്കെട്ടില്ല!!
അര്‍ദ്ധബോധാവസ്ഥയിലും ‘എന്റെ കുഞ്ഞിനെക്കൊല്ലരുതേ’യെന്ന് അവളുടെ മുഖം അഭ്യര്‍ത്ഥിക്കുന്നതുപോലെ!!ശീലമായിപ്പോയതുകൊണ്ട് മനസ്സ് അവിടെ ഉടക്കിനില്‍കുന്നില്ല!!പത്തുപതിനഞ്ച് മിനുട്ട് നേരത്തെ ‘ലളിത’മായ ‘വാക്വം ആസ്പിറേഷന്‍’ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ‘ഭ്രൂണവാഹന’ത്തിനായുള്ള കാത്തിരിപ്പ്!!
കലാപഭൂമിയില്‍നിന്ന് മരവിച്ച മനസ്സോടെ മടങ്ങുമ്പോള്‍ സിസ്റ്റര്‍ പത്മ ചോദിച്ചു:“ഈ പാപമൊക്കെ നമ്മളെവിടെക്കൊണ്ടുപോയി.....?!”
“ചുമ്മാതിരി പത്മേ,നമ്മള് നമ്മുടെ ജോലിയല്ലേ ചെയ്യുന്നത്?അതൊരു കുഞ്ഞുജീവനായിവരുന്നല്ലേ ഉള്ളൂ...”വിമല അങ്ങനെ പറഞ്ഞുസമാധാനിക്കാന്‍ ശ്രമിച്ചു.
പത്മയ്ക്ക് വീണ്ടും സംശയം:“അല്ല ഡോക്ടര്‍,ജീവനു വലുപ്പചെറുപ്പമൊക്കെയുണ്ടോ?!അവയവങ്ങളും ശരീരവുമല്ലേ വലുപ്പം വയ്ക്കുന്നത്?”
“പത്മേ നീ വേദാന്തമൊക്കെപറഞ്ഞെന്നെ പേടിപ്പിക്കാതെ!മനുഷ്യനിവിടെയല്ലെങ്കിലേ നൂറായിരം ടെന്ഷനിലാ...”വിമലക്ക് നല്ല വിശപ്പുതുടങ്ങിയിരുന്നു.
ഡോ.തമ്പിയുടെ മുറിക്കുമുന്നില്‍ കുട്ടികളേയും കൊണ്ടെത്തിയവരുടെകൂട്ടങ്ങള്‍ അവസാനിച്ചിരുന്നില്ല.അമ്മമാരില്‍ പലരും വിമലെയെക്കണ്ട് ബഹുമാനത്തോടെ പുഞ്ചിരിച്ചു.
ഇവരില്‍ ചിലരെങ്കിലും തന്റെ മേല്‍നോട്ടത്തിലാണ് അമ്മമാരായതെന്നോര്‍ത്ത് വിമല അല്പം അഭിമാനം കൊണ്ടു.
തമ്പി കുട്ടികളോട് തമാശകളിച്ച് സമയം കളയുകയാണ്!കയ്യിലെ പേനകൊണ്ട് പൊട്ടുകള്‍ തൊട്ടും കൈത്തണ്ടയില്‍ വാച്ചുവരച്ചുകൊടുത്തുമൊക്കെ അയാള്‍ അവരിലൊരാളായിമാറിയിരിക്കുന്നു.
വിശപ്പിനും മുന്നേ വന്ന വിമലയാണ് സമയത്തെക്കുറിച്ചുള്ള ബോധം അയാളിലുണര്‍ത്തിയത്!
വീട്ടിലേക്കുളള യാത്രയില്‍ ഡോ. ജലാധരന് വീണ്ടും ചര്‍ച്ചാവിഷയമായി.
“ചങ്ങലക്കുതന്നെ ഭ്രാന്തുപിടിച്ചാലോ?!”ഡോ. സുഹറ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുമ്പോള്‍ വിമലക്കു ചിരിവന്നു .
കടല്‍ തീരത്തു നിന്ന് ഏറെ അകലെയല്ലാതെ ഗര്‍വ്വോടെ തലയുയര്‍ത്തി നില്ക്കുന്ന പടുകൂറ്റന്‍ ബംഗ്ലാവിന്റെ ഇരുവശങ്ങളിലും വന്നുനിറഞ്ഞ രോഗികളുടെ കൂട്ടവും അടക്കിയ ബഹളങ്ങളും അവസാനിക്കുമ്പോഴേക്ക് പാതിരാവായി !ഒഴിയാബാധകളെപ്പോലെ കാവലിരുന്ന ചില മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ പ്രകടനങ്ങള്‍ക്ക് പൂര്‍ണ്ണമായും ശ്രദ്ധകൊടുക്കാനാവാതെ വിമലയുടെ മനസ്സ് പാതിമയക്കത്തിലേക്ക് വീണുകഴിഞ്ഞിരുന്നു.
ക്ഷീണത്തിന്റെ പരമകോടിയില്‍ ഉറക്കറയിലേക്ക് നടക്കുമ്പോള്‍ പഠനമുറിയിലിരുന്ന് കടലാസുകള്‍ കാര്‍ന്നുതിന്നുന്ന ഭര്‍ത്താവിനെ അവള് ഈര്‍ഷ്യയോടെ നോക്കി !
ഭിത്തിയിലെ ചിത്രത്തില്‍ ചിരിതൂകിനില്‍ക്കുന്ന മണിക്കുട്ടിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി പതിവ് ഗുഡ്നൈറ്റ് പറയുമ്പോള്‍ ഓര്‍മ്മകള്‍ കണ്ണുകളിലേക്ക് നീരൊഴുക്കംനടത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഒരേസമയം മനസ്സിനെ ഊഷരമാക്കുകയും കണ്ണുകളില്‍ മഴപെയ്യിക്കുകയും ചെയ്യുന്ന ഓര്‍മ്മകള്‍!!
ഒരു ചെറിയപനിയായിരുന്നു....എല്ലാം തകര്‍ത്തുകളഞ്ഞപനി!തിരക്കുകളുടെ മണിക്കണക്കുകളില്‍ അശ്രദ്ധമായി ഉപേക്ഷിച്ച പനി,മണിക്കുട്ടിയേയും കൂടെകൂട്ടി പടിയിറങ്ങിപ്പോയപ്പോഴാണ് തിരിച്ചറിവുണ്ടായത്!!
ഇരുട്ടിനു സ്വന്തം കണ്ണുനീരില്‍നിന്ന് മറപിടിക്കാന്‍ കഴിയാതെവന്ന നിമിഷങ്ങളില്‍..ഭര്‍ത്താവിന്റെ വരവിനുവേണ്ടിയുള്ള കാത്തിരിപ്പുകൊണ്ട് പ്രത്യേകിച്ചൊരു സാന്ത്വനവും കിട്ടാന്‍ പോകുന്നില്ലെന്ന തിരിച്ചറിവില്‍ ...അവള് നിദ്രക്കുകീഴടങ്ങി.
ആളൊഴിഞ്ഞ കുഞ്ഞു തൊട്ടിലുകളുടെ നടുവില്‍ തണുത്തുറഞ്ഞ കട്ടിലിലായിരുന്നു വിമല കിടന്നത്.ശിരസുപിളരുന്ന വേദനയോടെ അവള് ഞരങ്ങുകയും ,അകലങ്ങളില്‍ പ്രതിദ്ധ്വനിക്കുമാറ് ഉറക്കെ നിലവിളിക്കുകയും ചെയ്തു.ചുറ്റും നിരന്നുനില്‍ക്കുന്നവരുടെകൂട്ടത്തില്‍ മുന്നിലായി തമ്പിയേയും സുഹറയേയും ജലാധരനേയും കണ്ടു;പിന്നിലായി രമണി,18 വയസ്സ്...പിന്നെ പേരറിയാത്ത നൂറുനൂറുമുഖങ്ങള്‍....!
ആവേശപൂര്‍വ്വം അവര്‍ അവളുടെ വയര്‍ വെട്ടിമുറിക്കുകയും രക്തമയമായഭ്രൂണങ്ങളെ നിര്‍ദ്ദയം ചുരണ്ടിയെറിയുകയും ചെയ്തു...!!
കട്ടില്‍പലകകള്‍ക്കിടയിലൂടെ ചോര മഴ പെയ്തിറങ്ങാന്‍ തുടങ്ങി !
മണിക്കുട്ടി ഉറക്കെക്കരയുന്നത് അവള്‍ക്കപ്പോഴും വ്യക്തമായി കേള്‍ക്കാമായിരുന്നു.
ഒടുവില്‍ ,വേദനയുടെ തീനാളങ്ങള്‍ നീണ്ട നിലവിളിയായി എരിഞ്ഞടങ്ങുമ്പോള്‍... ആയിരമായിരം കുഞ്ഞുനിലവിളികള്‍ക്കുനടുവിലേക്ക് അവളിലെ അമ്മ ഞെട്ടി ഉണര്‍ന്നു !
വലിയമുറിയുടെ ശൂന്യമായ ഇരുട്ടിലേക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കിയിരിക്കേ,അകലെ ആകാശത്തില്‍ ചോരകിനിയുന്നതും തിരക്കേറിയ മറ്റൊരു ദിവസം കൂടി പിറന്നു വീഴുന്നതും വിമല തിരിച്ചറിഞ്ഞു.
“ചങ്ങലകള്‍ക്ക് ഭ്രാന്തുപിടിക്കുന്നു…………!!”
**************************************
Saturday, August 25, 2007
Monday, August 13, 2007
‘സ്വര്‍ഗവാതിലി‘ലേക്കുള്ള വഴി...
നാട്ടിലെ മുദ്ര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ (അന്ന് എന്റെ നാട്ടിലെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്ത അടങ്കല്‍ എടുത്തിരുന്ന ഒരു പ്രമുഖ സംഘം!!) സുവനീറിലേക്ക് എന്റെ വക സംഭാവന!!
ഉണ്ണി(കള്ളപ്പേര്) ഞങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്നു.ഒരു സ്വര്‍ഗവാതില്‍ ഏകാദശിനാളില്‍ വീട്ടിനടുത്തക്ഷേത്രക്കുളത്തില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തി.
അക്കാലത്തൊരിക്കല്‍ ഈ കഥവായിക്കാനിടയായ ഒരാള്‍ എന്നോട് നന്ദിപറഞ്ഞുകരഞ്ഞു.എല്ലാവരും മറന്നുകളഞ്ഞ ആ മനുഷ്യന്റെ ഓര്‍മ്മകളെ അച്ചടിമഷിമുക്കി നാട്ടുകാര്‍ക്ക് വായിക്കാന്‍കൊടുത്തതിന്!
......അത് ഉണ്ണിയുടെ അമ്മയായിരുന്നു.ആ അമ്മയെ ഓര്‍മ്മിച്ചുകൊണ്ട്!!
Sunday, August 12, 2007
സ്വര്‍ഗവാതില്‍
ചെമ്പൈ സംഗീതോത്സവത്തിന്റെ രാഗപ്രപഞ്ചത്തില്‍മുഴുകി വീട്ടിലെല്ലാവരും ടി.വി.ക്കുമുന്നിലിരിക്കുമ്പോള്‍,ഉണ്ണി പതിയെ എഴുന്നേറ്റു.വൈകുന്നേരം കഴിക്കേണ്ട ഗുളിക കഴിച്ചിട്ടില്ല!
പത്തായപ്പുരയിലെ തടിയലമാരയുടെ അടിത്തട്ടില്‍ നിരത്തിവച്ചിരുന്ന പൊതിക്കെട്ടുകളിലൊന്നുതുറന്ന്, റോസാപ്പൂ നിറമുള്ള ഗുളിക ഇടങ്കയ്യിലൊതുക്കി. ലൈറ്റുകെടുത്തുമ്പോള്‍ ഒളിത്താവളങ്ങളിലെവിടെയോ പതുങ്ങിനിന്നിരുന്ന ഇരുട്ട് ഓടിവന്ന് അവനെപ്പൊതിഞ്ഞു.ഉണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. നിരാലംബനെന്നു തിരിച്ചറിയുന്ന നിമിഷങ്ങളില്‍ അവന് സാന്ത്വനമാകുന്നത് അമ്മയും പത്തായപ്പുരയിലെ ഈ ഇരുട്ടുമായിരുന്നു.

പരിചിതമായ വാതില്‍പ്പടികള്‍ കടന്ന് നിലാവുനിറഞ്ഞമുറ്റത്തേക്ക് ഉണ്ണിനടന്നു.
തെങ്ങിന്‍തോപ്പിനപ്പുറത്ത് കുളക്കരയിലൂടെ നടന്നുനീങ്ങുന്നരൂപങ്ങളെ നിലാവെളിച്ചത്തില്‍ അവ്യക്തമായിക്കാണാം.
“അച്ഛനുണ്ടോണ്ണ്യേ വീട്ടില്‍?” വരമ്പത്തുനിന്ന് ആരോ വിളിച്ചുചോദിക്കുന്നു.
“ഇല്ലാ…!! ആരാത്….?“ഓലച്ചൂട്ടുകള്‍ ഇരുട്ടില്‍ ചുവന്നചിത്രങ്ങളെഴുതുകയും അതേവേഗത്തില്‍ മായ്ക്കുകയും ചെയ്യുന്നതുകാണാന്‍ ഉണ്ണിക്ക് രസം തോന്നി.
“ഞാനാ…..വടക്കേലെ മണിയന്. ആരുംകൂടെയില്ലാണ്ടെന്തിനാ ഉണ്ണ്യേ വെളീലെല്ലാം ഇറങ്ങിനടക്കണേ….? അതും ഈ അസമയത്ത്?! ദീനക്കാരനല്യേ നീയ്?” അയാള്‍ നടന്നു.
കാണുമ്പോഴൊക്കെ ദീനക്കാര്യമോര്‍മ്മപ്പെടുത്തുമെങ്കിലും മണിയേട്ടനോട് അവന് നീരസമില്ല!ഒരിക്കല്‍ മുക്കുന്നൂര്‍കാവിലെ ദീപാരാധനതൊഴുത് കണ്ണടച്ചുനിന്ന ഉണ്ണിയുടെതലമുടിയിലേക്ക് കല്‍വിളക്കിലെ തീ പടര്‍ന്നിറങ്ങി.മണിനാദലഹരിയിലായിരുന്ന അവനെ വലിച്ചുമാറ്റി, തീയണച്ച് രക്ഷിച്ചത് മണിയേട്ടനാണ്!!അതിന്റെ അവകാശത്തിലാവണം ഈ ഉപദേശങ്ങള്‍!!
മുറ്റത്തുനിന്നും കുളക്കടവിലേക്കുള്ള വഴിയിലെ കരിങ്കല്പടികളിലിരുന്ന് അവന് ഇരുട്ടിനോട് പരിഭവം പറഞ്ഞു.താന്മാത്രമെങ്ങനെ ദീനക്കാരനായി…?തന്റെ മോഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മാത്രം ദൈവമെന്തിനാണ് വിലക്കുകല്പിച്ചത്…?!പലവട്ടം ഇതേ ചോദ്യങ്ങള്‍ ദൈവത്തോട് തന്നെ ഉണ്ണി കരഞ്ഞുചോദിച്ചിട്ടുണ്ട്!ദൈവങ്ങളിലുള്ള വിശ്വാസംതന്നെ അവനില്‍നിന്ന് നഷ്ടമായിത്തുടങ്ങിയിരിക്കുന്നു.
കാരണവന്മാര് പണ്ടുചെയ്തപാപങ്ങളുടെ ഫലമാണിതെന്ന് മുത്തശ്ശി പറയാറുണ്ട്! പാപങ്ങളുടേയും ശാപങ്ങളുടേയും കണക്കുതീര്‍ക്കാന്‍ ഒരു ജന്മം!!
ഉണ്ണി തീവ്രമായ വികാരങ്ങള്‍ക്കതീതനാണ്.
അവന് ഉറക്കെച്ചിരിക്കാനാവില്ല….,ഉറക്കെ കരയാനുമാവില്ല!!
ഇരച്ചുതള്ളുന്ന വികാരങ്ങള്‍ക്കൊപ്പം ഉണ്ണിയുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറും….!തലക്കുള്ളില്‍ മിന്നല്‍പ്പിണറുകളോടെ തിമിര്‍ത്തുപെയ്യുന്ന പേമാരി..…!വികലമായ വിരല്ത്തുമ്പുകളില് വിറയാര്‍ന്നമുദ്രകള്‍വിരിയും…ഭൌമബന്ധംവിട്ടപോലെ പാദങ്ങള്‍ക്ക് താളംതെറ്റും..വികാരങ്ങള്‍ വിരിയേണ്ട ചുണ്ടുകള്‍ ഗോഷ്ടികള്‍ കാട്ടി ശീല്ക്കാരം മുഴക്കും!!പിന്നെ മനസ്സിന്റെ അബോധമണ്ഡലങ്ങളിലേക്ക് ഉണ്ണി ഉരുണ്ട് വീഴുന്നു!!
വാക്കുകളുടെ മുള്ളുവേലികള്‍തകര്‍ത്ത് ചിലപകലുകളില്‍ ഉണ്ണി വീടുവിട്ടിറങ്ങും….അമ്മപോലുമറിയാതെ!!
അത്തരം ഒളിച്ചോട്ടങ്ങളിലാണ് അവന് പല ജീവിതപാഠങ്ങളും ഗ്രഹിച്ചത്! കുട്ടികള്‍ കലപിലകൂട്ടിനടക്കുന്ന സ്കൂളും കവലയിലെ അടിപിടിയുമെല്ലാം അവന് വിസ്മയക്കാഴ്ചകളായി!
പച്ചപ്പിന്റെ അലകളിളക്കിവീശുന്ന കുളിര്‍കാറ്റേറ്റ് പാടവരമ്പുകളിലൂടെനടക്കുമ്പോള്‍ അവന്റെ മനസ്സ് ആകാശംപോലെ പരക്കും….ചിന്തകള്‍ കിളികളെപ്പോലെ പറന്നുനടക്കും!
ഉടലിന്റെ ഉള്‍കോണുകളിലെവിടെയോ പതുങ്ങിയിരുന്ന് അനവസരത്തില്‍ ആക്രമിക്കാനെത്തുന്ന അസുഖത്തിന്റെ നോവുകളെ അവന് മറക്കും!!
തെങ്ങിന്‍തോപ്പിനുള്ളിലൂടെ സര്‍ക്കീട്ടുകഴിഞ്ഞുമടങ്ങവേ ഉണ്ണി അവന്റെ വല്യേട്ടനെക്കണ്ടു.ഒപ്പം എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് സുലേഖ!
ഇളയപെങ്ങള്‍ അച്ചുവിന്റെകൂടെ വീട്ടില്‍വരാറുള്ള അവളെ ഉണ്ണിക്ക് നന്നായറിയാം.എന്തുകൊണ്ടോ പെട്ടെന്നവരുടെ ചിരിമാഞ്ഞു.
“എന്തിനാ ഉണ്ണീ ഒറ്റക്കിങ്ങനെ കറങ്ങണേ? അടങ്ങിവീട്ടിലിരുന്നൂടേ നിനക്ക്?”വല്യേട്ടനു ദേഷ്യം വന്നു.
”ങാ…പിന്നെ, ഏട്ടനെ ഇവിടെക്കണ്ടതൊന്നും നീ വീട്ടില്‍പോയിപ്പറയണ്ട!!”
അവനത് ആരോടും പറഞ്ഞില്ല! അതുമാത്രമല്ല,കണ്ടറിയുന്ന പലകാര്യങ്ങളും അവന് പറയാറില്ല!!
അത്തരമൊരു സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷപൂര്‍ണ്ണമായ നിമിഷങ്ങളില്‍, തോട്ടുവക്കിലിരുന്ന് ചൂണ്ടയെറിയുന്ന പിള്ളാരുടെ വിക്രിയകള്‍ നോക്കിനില്‍ക്കേ, (തീര്‍ത്തും അനവസരത്തില്‍) ഉണ്ണിക്ക് ദീനം വന്നു.ആരൊക്കെയോ ചേര്‍ന്ന് അവനെ താങ്ങിയെടുത്ത് വീട്ടിലെത്തിച്ചു.
“തീയും വെള്ളോം കണ്ടാ ദീനം വരുന്നോനാ…. നാടുനിരങ്ങിനടന്നോ നീയ്!! വല്ല തോട്ടിലോ കുളത്തിലോ പോയിചത്തുകിടന്നാലാരറിയാനാ…?! ഇനിമേലാല്‍ നീയീ പടിക്കുപുറത്തിറങ്ങരുത്…!!” അച്ഛന്റെ ആജ്ഞയെധിക്കരിക്കാന്‍ പിന്നെയൊരിക്കലും ഉണ്ണിക്ക് തോന്നിയിട്ടില്ല!!
ഇന്നലെ അച്ചുവിന്റെ കല്യാണക്കാര്യം ചര്‍ച്ചക്കുവന്നപ്പോള്‍ വല്യേട്ടന് അച്ഛനോട് പറയുന്നത് അവന് കേട്ടു:
“ഉണ്ണിക്കെന്തിനാ വല്യസ്വത്തും പണോമൊക്കെ?!അവനൊള്ളതുവിറ്റാല്…ഇവള്‍ക്കൊരുജീവിതം കിട്ടും!”
ഏട്ടന് പറഞ്ഞതൊരുവലിയ സത്യമാണെന്ന് ഉണ്ണിക്കുംതോന്നി.അവന് ജീവനേയുള്ളൂ,ജീവിതമില്ല!!തനിക്കെന്തിനാ പണം?! ആര്‍ക്കും ഒരു ഭാരമാകാതിരുന്നാല്‍മതിയായിരുന്നു.
കയ്യിലിരുന്ന റോസാപ്പൂനിറമുള്ള ഗുളിക ഊര്‍ന്ന് പടിക്കെട്ടുകള്‍ക്കിടയിലൂടെ എങ്ങോപോയി.
ഏതോ സംഗീതജ്ഞന് ഗുരുവായൂര്‍നടയില്‍ മനമലിഞ്ഞുപാടുന്നത് പുറത്തേക്കൊഴുകിയെത്തുന്നു!
സ്വര്‍ഗവാതിലുകള്‍ തേടി വ്രതം നോറ്റു പാടുന്നവര്‍!!
നടവഴികളിലൂടെ ഉണ്ണി പതിയെ ഇറങ്ങി നടന്നു…
നിലാവുപടര്‍ന്ന, ഇളം തെന്നല്‍ വീശുന്ന പുറംലോകം ഉണ്ണിക്ക് അപൂര്‍വ്വമായികിട്ടുന്ന സൌഭാഗ്യമാണ് !
ഉണ്ണി കുളക്കരയിലെത്തി……!
“ ഉണ്ണീ…..!ഉണ്ണീ……!!“ അമ്മ വിളിക്കുന്നത് അവ്യക്തമായി കേള്‍ക്കാം.
കുഞ്ഞോളങ്ങളിളകുന്ന ജലോപരിതലത്തില്‍ നക്ഷത്രങ്ങളുടെ ചാഞ്ചാട്ടം നോക്കി നില്ക്കുമ്പോള് ഉണ്ണിയുടെ മനസ്സ് ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടായിരുന്നു!

പെട്ടന്ന് കണ്ണുകളില്‍ ഇരുട്ടു നിറയുന്നതുപോലെ അവന് തോന്നി!
തലയ്ക്കുള്ളിലെവിടെയോ പേമാരികളുടെ താണ്ഡവം…
വിരലുകളില്‍ വിറയാര്‍ന്ന മുദ്രകള്‍...
പാദങ്ങള്‍ക്ക് ബലക്ഷയം…ചുണ്ടുകളില്‍ ശീല്ക്കാരം...!!
പിന്നെ…….അബോധമനസ്സിന്റെ ഇരുള്‍വട്ടത്തിലേക്ക് ഉണ്ണി ഉരുണ്ടു വീഴുന്നു…. !
നക്ഷത്രങ്ങളുടെ പ്രതിച്ഛായകള്‍ പിളര്‍ന്ന് ആഴങ്ങളിലേക്ക്…!!
“ഉണ്ണി…!ഉണ്ണീ…!!” അമ്മയുടെ വിളി !
നക്ഷത്രങ്ങള്‍ക്കിടയിലൂടെ സ്വര്‍ഗവാതില്‍ തേടിപ്പോയ ഉണ്ണി ആ വിളി കേള്‍ക്കുന്നുണ്ടാകുമോ...?!
*****************************************