തലക്കെട്ടുകള്‍
Saturday, July 24, 2010
ഓര്‍മ്മകള്‍
കനലുപൂക്കുന്ന കാവുകള്‍ തോറുമെന്‍
കൈപിടിച്ചു നടന്നതോര്‍ക്കുന്നുവോ?
ഇരുളുവീണു കനത്തോരിടവഴി
ക്കരുകുപറ്റി നടന്നതോര്‍ക്കുന്നുവോ?
വിരലുനീളെപ്പറന്നു പായുമ്പൊഴാ
കരളുപൊട്ടിക്കരഞ്ഞതോര്‍ക്കുന്നുവോ?
തണ്ടുവാടിത്തളര്‍ന്നൊരു താമര
മൊട്ടുപോലന്നുലഞ്ഞതോര്‍ക്കുന്നുവോ?
നനവിലൊട്ടിത്തളര്‍ന്നുവീഴുമ്പൊഴും
മഴവരാനായ് കൊതിച്ചതോര്‍ക്കുന്നുവോ?
കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!
Friday, June 18, 2010
ഒരുവരിയില്‍ ...
വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.
നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം
വരകളെക്കീറിയെറി-
ഞ്ഞതിന് ബാക്കിയി-
ലിന്നെന്റെയെരിയുന്ന
പ്രാണനുണ്ടിത്തിരി.
യവസാനപേജിലാ-
യെഴുതിയോരൊരുവരി.
മറുപകുതിയൊട്ടെന്നെ
നീറ്റുംകിനാക്കളും
മുളയറ്റജീവിതക്കാഴ്ചകള്‍
കത്തുന്നൊരിത്തിരിവെട്ടവും
വേഡം ജ്വലിച്ചുനീറ്റും
ജഡത്തിന്റെ ഗന്ധവും.
Saturday, June 12, 2010
Monday, March 01, 2010
വൃദ്ധി

തിരക്കിനിടയില്‍
കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!
പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!
പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.
വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.
വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും,
കൂട്ടിക്കൊടുത്തുകൊടുത്ത്
ഞെട്ടറ്റുപിരിഞ്ഞ്,
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
ചില അടയാളങ്ങള്‍
ബാക്കിയുള്ളതടക്കം!
ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!
Wednesday, February 03, 2010
ചൊല്‍ക്കവിത-അകാരണം
അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!
വരികള്‍ ഇവിടെ!
|
Friday, January 29, 2010
അകാരണം
കുടതീര്‍ത്ത മരമേ..
നിന്റെ നിഴലിന്നു
നീളമേറുമ്പോളതിന്‍
തണല്‍ തന്ന സ്വാസ്ഥ്യ-
വുമകന്നു പോകുന്നു.
മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,
ഇരുവശം കാണാത്ത
സൈരികം മാതിരി
എന്നുള്ളിലെവിടെയോ
ചാട്ടവാറൊച്ചകള്‍ !
ചുറ്റും മദിക്കുമീ
സൂകരക്കൂട്ടങ്ങളൊഴിയും,
ഇരുളിലെന്നെങ്കിലും
തെളിയുമെന്‍
ചേറ്റുകണ്ടത്തിലും
നിലാവിന്റെ മുത്തുകള്‍ !
കുടതീര്‍ത്ത മരമേ..
വരുമന്നുഞാന്‍ തിരികെ
യതുമാത്രമാണുറ-
പ്പറിയില്ല കാലം
തടുക്കാതിരിക്കുകില്‍ !
ആവില്ല പടരാ-
നെനിക്കിനിപ്പകരുവാന്‍
വാക്കിന്റെയിത്തിരി
ശ്വാസമേ ബാക്കി!
ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!
എനിക്കറിയാമെന്റെ
മരമേ...
നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!
Tuesday, January 12, 2010
പ്രിയപ്പെട്ട അമ്മക്ക്...
കലുഷമേഘങ്ങള്‍ മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
കത്തും മണല്‍ക്കാടുതാണ്ടുവാനാകാതെ
തീകാഞ്ഞിരിപ്പാണുഞാനമ്മേ!
അമ്മ ചൊല്ലിപ്പകര്‍ന്നതാണെങ്കിലും
തെറ്റുപറ്റിപ്പറക്കയാണെന്നുമെന്‍
സ്വച്ഛജീവിതം, ഗണിതപാഠങ്ങളും !
ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
തെല്ലുനാണം തൊടാത്തൊരെന്‍ കൈകളില്‍
ചൂരലാലല്ലയമ്മേയെനിക്കുനിന്‍
ചൂടുപെയ്യുന്നൊരുമ്മയേകീടുമോ?!
കലുഷമേഘങ്ങള്‍ മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
തീകാഞ്ഞിരിപ്പാണുഞാനമ്മേ,പരസ്പരം
നോവിന്റെ കയ്യൊപ്പുതീണ്ടിപ്പരിക്കേറ്റ,
നിന്റെ കണ്ണീരിനാലൊക്കെ മുറിവേറ്റ,
ക്ഷണനീരസത്തിന്റെ നീലദ്രവം കൊണ്ടു
നീ തീര്‍ത്തമുത്തങ്ങളക്ഷരം ചാര്‍ത്തിയ,
നിന്റെ കത്താണു കത്തുന്ന നെഞ്ചില്‍!
നിന്റെ ചോദ്യങ്ങള്‍തന്‍ ബഡവാഗ്നിവീ-
ണെന്റെയോര്‍മ്മതന്‍പാഴ്മരം കത്തിയാ,
നേര്‍ത്തചാരം പടര്‍ന്നതാലാകുമോ
കണ്ണുനീരിറ്റിറ്റുവീഴുന്നു കടലാസിലമ്മേ!
ഉത്തരത്തിന് മഹാസാഗരമെന്തിനാ-
ണിത്രമാത്രം മതിയാകുമറിയാമെനിക്കു നീ
പണ്ടുപുസ്തകത്താളിനാല്‍ തീര്‍ത്തൊരാ
ചെറിയ നൌകകളോട്ടിക്കളിക്കുവാന്‍!
ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!
Monday, January 04, 2010
കുറ്റബോധം
എന്നിലും വലുതായ
പ്രത്യയശാസ്ത്രത്തിന്റെ
അടുപ്പുകല്ലുകളിലാണ്
എനിക്കായി അരി വെന്തിരുന്നത്.
അമ്മയുടെ നിലവിളിക്കും
ആശുപത്രികള്‍ക്കുമിടയിലെ
സമയത്തിന്റെ പാലം
മരണത്തോളം വലിച്ചുനീട്ടി
എനിക്ക് ബന്ദാണ്
ബന്ധങ്ങളെക്കാള്‍
വലുതെന്നുപറഞ്ഞു.
അപ്പന്റെ ചോദ്യങ്ങളെ,
വളരുന്ന താടിരോമങ്ങളും
മുഴങ്ങുന്ന മുദ്രാവാക്യങ്ങളും
പത്രത്തിലെ സമരപ്പന്തലിന്റെ
പരന്നപടങ്ങളും കാട്ടി ചെറുത്തു!
നേതൃയോഗത്തിനിടയില്‍
വിളിക്കാതെ കയറിച്ചെന്നപ്പോള്‍
അവരെന്റെ ശവഘോഷയാത്ര നടത്തി.
അപ്പനുമമ്മയും മുന്നേ നടന്നിരുന്നതുകൊണ്ട്
കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!