തലക്കെട്ടുകള്‍

Wednesday, May 28, 2008

വിമല്‍...ഒരു അനശ്വര നക്ഷത്രം!!




( ചിത്രത്തിനു കടപ്പാട്: വിമലിന്റെ A LOT LIKE LIFE എന്ന ബ്ലോഗ്)




Gender: Male


Astrological Sign: Sagittarius


Industry: Arts


Location: India


About Him


An absolute non-entity who is fast losing his appetite for life. In this cruel and heartless desert of manipulations, I am still searching for an oasis of hope. As it is said, you won't get the thing you cherish most.



ഇത്രയുമാണ് വിമല്‍ സ്വയം വിവരിച്ചിരിക്കുന്ന വിവരങ്ങള്‍!!



“Once upon a time, there was a kid who played a prank on his mother. He hid in a cupboard, thinking that his loved ones will unleash a search for finding him. His father may beat him up and the search party will despise him for sure. Nothing matters because, eventually his mother will appear on the scene, hold him to her bosom and console him… a grand bonus for his rebellious escapade. Sadly, no one came searching for him. Days and months passed by and for a long seven years he remained closeted inside the cupboard. There were some late voices of recall, but by that time, he had turned deaf and insensitive.”



ഇതുവായിച്ചാല്‍ ദുഗ്രാഹ്യമായ സ്വന്തം ജീവിതത്തിന്റെ ഇരുമ്പലമാരക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുട്ടിത്തമുള്ള മുഖം തെളിഞ്ഞേക്കും.


ഇത് വിമല്‍!!


ഏറെക്കാലത്തെ പരിചയമൊന്നുമില്ലാതെ,ബ്ലോഗിന്റെ അലമാരതുറക്കുമ്പോള്‍ മാത്രം കണ്ടിട്ടുള്ള വിമല്‍ എന്ന സുഹൃത്ത്!! റെഡ് ഇന്ത്യന്‍ എന്ന പേരില്‍ ബ്ലോഗുചെയ്തിരുന്ന സുഹൃത്ത്!എന്റെ ചില സുഹൃത്തുക്കളുടെ സുഹൃത്ത്...!!


അടുത്തകാലത്തൊരിക്കല്‍ വിമല്‍ എന്റെ സുഹൃത്തിനോടുപറഞ്ഞു;നാട്ടില്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് മടങ്ങണം....അമ്മയോടൊപ്പം നില്‍ക്കണം!


മേയ് 27-ആം തീയതി രാവിലെ; തന്റെ 28 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ നിന്നും....അമ്മയെ തനിച്ചാക്കി വിമല്‍ യാത്രയായി.

ഒട്ടേറെ ചിന്തകളെ ഒളിപ്പിച്ചുവച്ചിരുന്ന ആ ഹൃദയം ഏറെ ദുര്‍ബലമായിരുന്നുവത്രേ!!


ഒടുവിലത്തെ പോസ്റ്റില്‍, തകരാന്‍ തുടങ്ങുന്നുവെന്ന അറിയിപ്പുവന്ന വിമാനത്തിലിരുന്ന് മരണത്തെക്കുറിച്ചുചിന്തിക്കുന്ന വിമലിന്റെ വരികളുണ്ട്....


“Damn it. This plane is going to crash. You have lived a life without purpose and now you are going to die without a purpose.”


ഈറനണിയുന്ന കണ്ണുകളോടെ വിമലിന് വിട!!

Monday, May 12, 2008

കാണാമറയത്ത്...















രാ
വായീ സമയം, മനസ്സുനിറയേ മിന്നുന്നുതാരാഗണം;
ഉള്ളാകേ നിറയും മരുന്നുമണവും;കൂട്ടില്‍തനിച്ചാണുഞാന്‍!
പണ്ടേയെന്നുടെയാത്മരാഗമുണരാന്‍ പോരുന്നരാവെങ്കിലും
വന്നെത്തുംചിരിയോ വരാതെമറയും;വീണ്ടും തനിച്ചാണുഞാന്‍!!

നാലാണ്ടായിവിടെന്റെമോദമുണരും വായാടിയായോരുപെണ്‍
സാന്നിദ്ധ്യം ഹരിതാ,മമാത്മജയവള്‍;നാടെത്തിയെന്നാകയാല്‍,
എന്നിദ്രാരഹിതം കിനാവുമറയും രാവേറെയോടീടവേ
മുത്താരം വിതറീടുകെന്റെ മകളേ ;നീറുന്നിതിന്നെന്‍ ‌മനം!

വന്നീടാം വരുമേതുനാളിലുമതാണെന്നുംമൊഴിക്കുമ്മികള്‍
എന്നാലോ ഇവിടിന്നുജീവിതമതാശാവേഗമേറീടവേ
പറ്റുന്നീലവിടേക്കുപാറിവരുവാന്‍;താരാട്ടുപാടീടുവാന്‍;
ചെന്നീരാലരുണാഭമാംകവിളിലായുമ്മാര്‍ച്ചനപ്പൂവിടാന്‍!!

ഇന്നാണാ സുദിനം, ഹൃദാത്മസുരതം ഞാനിട്ടബീജാങ്കുരം
സാമോദം മഹിയില്‍ വരുന്നതമരാന്‍;ഞാനിന്നുറങ്ങീടുമോ?!
ഇമ്മട്ടില്‍ മനമാകെയാടിയുലയും നിദ്രാവിഹീനം നിശാ;
വന്നെത്തീ വിളിയിന്നുരാവിലെയിതാ വന്നെന്റെയാരോമലും!


*********************************************************


പ്രസവമടുത്ത പരിശോധനകള്‍ക്കായി ഭാര്യ ഇന്നലെ ഡോക്ടറുടെ കാബിനില്‍ പോകുമ്പോള്‍ ജിജ്ഞാസാഭരിതയായ നാലുവയസ്സുകാരി മകള്‍ ചോദിച്ചു:“അങ്കിള്‍..ഈ വാവയെ എങ്ങനാ എടുക്കുന്നത്?!”

ഡോക്ടര്‍: “അതുമോളേ..അങ്കിള്‍ ഓം ഹ്രീം ഹ്രീം എന്നൊരു മന്ത്രം ചൊല്ലി ദേ ഇങ്ങനെ വിളിക്കും..!”നരേന്ദ്രപ്രസാദിന്റെ ആക്ഷനിട്ട് പുള്ളിപറഞ്ഞു:“അപ്പോ വാവ വരും..”

മീനു അത് മൂളിക്കേട്ടു.

പുറത്തിറങ്ങിയിട്ട് അവള്‍ അമ്മയോട് പറഞ്ഞു: “ഡോക്ടറങ്കിള്‍ അതു വെറുതേ പറഞ്ഞതല്ലേ? വയറുകീറിയല്ലേ വാവയെ എടുക്കുന്നത്?!”

ഇന്നുരാവിലേ ലോകകപ്പ് മത്സരം കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരുന്ന എനിക്ക് മീനുവിന്റെ വിളി വന്നു “അച്ഛാ...അനിയത്തി വന്നൂ!”
രണ്ടാമത്തെ മകള്‍ പിറന്നിരിക്കുന്നൂ...!!
കഷ്ടം...എനിക്ക് നിന്നെയൊന്ന് എടുക്കാനും പറ്റുന്നില്ലല്ലോ മോളേ!!

Monday, March 31, 2008

ചില വൈഖരികള്‍!











ടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!

മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
‍അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍‌കൊതിച്ചതാണെന്റെ കണ്ണൂര്‍!

കളകളം‌പാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
‍ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!

തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!

പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!

കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍‌കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!

പിടക്കുന്നകാമം‌തളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
‍പെണ്ണൊരുത്തിക്കുവൈധവ്യലോകം!!

മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!

ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍‌കൂര്‍ത്തനാവും!!

ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!

രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!

ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]

Friday, March 07, 2008

കണ്ണനും കണ്ണീരും










ട്ടുപാവാടകള്‍ മേയുന്നകോവിലില്‍,
തൊട്ടുകൂടായ്മകള്‍ കായുന്നവേനലില്‍,
കുട്ടയില്‍ വില്‍ക്കാതിരിക്കുന്നകണ്ണനെ-
ത്തൊട്ടുകണ്ണീരുതുടക്കയാണിന്നവള്‍!
മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം,
മഞ്ഞനിറമാര്‍ന്നുനിറഞ്ഞനേത്രദ്വയം,
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചി‍യും തൂക്കിനടന്നുപോകുന്നവള്‍!!

കത്തുന്നവേനലില്‍കാലുകായുമ്പൊഴും,
കുത്തുന്നനോട്ടങ്ങളേറ്റുവാങ്ങുമ്പൊഴും,
പത്തുരൂപക്കെന്റെകണ്ണനെവാങ്ങുവാ-
നെത്തുമാരെങ്കിലുമെന്നുചിന്തിച്ചവള്‍!!
നല്ലകളിമണ്ണിലാണുണ്ടായതെങ്കിലും,
നല്ലനിറങ്ങളാലുയിരുണര്‍ന്നെങ്കിലും,
മെല്ലെച്ചിരിക്കുമാക്കണ്ണനെക്കണ്ടവര്‍
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
ഉള്ളുകായുന്നവള്‍ക്കന്തിയാവുമ്പൊഴും
എള്ളുതൂക്കംപണംവന്നുചേരാത്തതില്‍!
തള്ളിനീങ്ങും കാലമുള്ളെരിക്കുമ്പൊഴാ
മുള്ളുകുത്തുമ്പോലൊരുണ്ണിതന്‍ പൂമുഖം!!

ഉണ്ടവള്‍ക്കകലെയല്ലാതൊരോലപ്പുര-
യുണ്ടതിന്നുള്ളിലായെരിയാതടുപ്പുകള്‍!
ഉണ്ടബാക്കിച്ചോറുകൊത്തുവാനില്ലാതെ
മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും!!

ബൊമ്മപോലച്ഛനുണ്ടുമ്മറത്തിണ്ണയില്‍,
അമ്മയുണ്ടുന്മാദമാടും ചിലമ്പലായ്!
അമ്മയെത്തേടിക്കരഞ്ഞുവൈകുംവരെ
അമ്മിഞ്ഞകിട്ടാതുറങ്ങുന്നകണ്ണനും!!

വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍‍
തിണ്ണമേലുണ്ണാതുറങ്ങാതെയിന്നവള്‍‍
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
******************************************
[പണ്ടെന്നെങ്കിലും ഏതെങ്കിലുമൊരു അമ്പലപ്പറമ്പില്‍ നിന്ന് ഇങ്ങനെയൊരു പെണ്ണ് മനസ്സിന്റെ കാന്‍‌വാസില്‍ പതിഞ്ഞിരുന്നിരിക്കാം.എങ്കിലും മനുവിന്റെ ജീവിതരേഖകള്‍ എന്ന ബ്ലോഗിലെ “ഇവിടെല്ലാമിന്നും പഴയതുപോലെ”എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചന്ദ്രകാന്തം എഴുതിയ “പീലിചാര്‍ത്തും പുഞ്ചിരി”യിലിട്ട നാലുവരി കമന്റായിരുന്നു ഈ കവിതയുടെ ബീജം!! രണ്ടാള്‍ക്കും പ്രത്യേകനന്ദി! ]

Wednesday, February 06, 2008

മണ്ണില്‍ നിന്നും...








ധൂമം‌പടര്‍ന്നു കരിവീണൊരാറടിമണ്ണിന്‍കീഴി-
ലുയിരാര്‍ന്നമോഹമായ്പ്പടരുന്നു നീ സഖീ!!

കത്തിവറ്റിയെന്‍ കരള്‍ ചാരമാകുവാ-‍
നല്പനേരം വിധിച്ചിതിന്നെന്നിലെ
ശിഷ്ടബോധം കെടും മുമ്പുനിന്നോര്‍‍മ്മ
പിച്ചവക്കും മനം നൊന്തുപാടുന്നുഞാന്‍!!

എന്റെകൈപിടിച്ചെങ്ങും നടന്നവള്‍
‍എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍
‍വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും
വിട്ടുപോകാതെരിഞ്ഞുതീരുന്നുഞാന്‍!!

പണ്ടുകാലം നിറച്ചാര്‍ത്തില്‍മുക്കിയോ-
രെന്റെ യൌവ്വനതൃഷ്ണകള്‍ക്കരണിയായ്
ചാരുരൂപമായെന്നും നിറഞ്ഞൊരെ-
ന്നോമനേനിന്നെയോര്‍ത്തുവേവുന്നിതാ!!

ഇല്ല,പാഴ്വാഗ്മാരിപെയ്യുന്നനേരങ്ങ-
ളില്ലകാമം കറുത്തുകനക്കും കടീതടം!
ഇല്ല സ്വപ്നങ്ങളിലില്ലാതെ നീ;യെന്റെ
സര്‍ഗസായാഹ്നശക്തിയാം പ്രേയസീ!!

എന്നെപ്പിരിഞ്ഞൊരാ‍ വേദനക്കന്നുനീ
പൊള്ളിക്കരിച്ചനിന്‍ മെയ്യില്‍നിന്നൊട്ടു
പ്രേമം ദഹിക്കാതെനിന്നതാണെന്റെ
‍‍മണ്‍ചിരാതില്‍‍ നിറഞ്ഞദീപം പ്രിയേ!!

ഇന്നുഞാനും ദഹിച്ചടങ്ങുമ്പൊഴെന്‍,
നെഞ്ചിലൊട്ടും കെടാതെകത്തുന്നൊരാ
സ്നേഹദീപം‍ തിരിച്ചെടുത്തെന്നെയും
മണ്ണില്‍നിന്നും‍ മടക്കിവാങ്ങീടുക!!

സ്നേഹദീപം തിരിച്ചെടുത്തെന്നെയും..
മണ്ണില്‍നിന്നും മടക്കിവാങ്ങീടുക!!!